കര്‍ഷകരുടെ പ്രശ്നങ്ങള്‍: മഹാസംഗമം സംഘടിപ്പിക്കും

0

കല്‍പ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന കര്‍ഷകരുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അഭിപ്രായ രൂപീകരണത്തിനുമായി കര്‍ഷകരുടെയും വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെയും മഹാസംഗമം സംഘടിപ്പിക്കുമെന്ന് യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം 19 ന് രാവിലെ ഒമ്പത് മുതല്‍ മൈസൂര്‍ എച്ച് ഡി കോട്ട താലൂക്കിലെ ബീച്ചനഹള്ളി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് പരിസരത്ത് നടത്തുന്ന ചടങ്ങില്‍ കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇഞ്ചി, വാഴ, പച്ചക്കറി തുടങ്ങിയവ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

മൂന്ന് വര്‍ഷത്തോളമായി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഇഞ്ചി, വാഴക്കുല എന്നിവയുടെ വിലത്തകര്‍ച്ചയില്‍ കടുത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍. ഉത്പ്പാദന ചെലവിന്റെ പത്തിലൊന്ന് പോലും ലഭിക്കാത്തതിന് പുറമേ ഭീമമായ പാട്ട തുകയും ജൈവവള, രാസവള വിലക്കയറ്റവും കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. ഇതു കാരണം ബേങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും യു എഫ് പി എ ഭാരവാഹികള്‍ അറിയിച്ചു.

തുടര്‍ കൃഷി ചെയ്യുവാന്‍ സാധിക്കാതെ ദുരിതത്തിലായ കര്‍ഷകരുടെ വായ്പകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എഴുതി തള്ളുക, പുനര്‍ കൃഷിക്ക് ധനസഹായം നല്‍കുക, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് വില സ്ഥിരത ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് വിള പരിപാലനത്തിന് രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് സ്‌പെഷ്യല്‍ പാസ് നല്‍കുക, വിളകളുടെ നഷ്ടപരിഹാരം സ്ഥലമുടമക്ക് എന്ന രീതി മാറ്റി കൃഷി ചെയ്ത പാട്ടകര്‍ഷകന് എന്ന രീതിയിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കും.

വാര്‍ഷിക പൊതുയോഗത്തോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി എസ് റ്റി സോമശേഖരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കാര്‍ഷിക സമ്മേളനത്തില്‍ കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എം എല്‍ എമാരും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ യു എഫ് പി എ അഖിലേന്ത്യ ചെയര്‍മാന്‍ സാബു കണ്ണക്കാപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ എമില്‍സണ്‍ തോമസ്, ഉപാധ്യക്ഷന്‍മാരായ ശീമായി ഛത്തീസ്ഗഡ്, ബേബി പെരുങ്കുഴി, സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍ എം കെ മുസ്തഫ, ജോയിന്റ് കണ്‍വീനര്‍ അജി കുഴിക്കാട്ടില്‍, വിനോദ് തോമസ്, അജി കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!