കോടിയേരി ബാലകൃഷ്ണന്‍- ജീവിതരേഖ

0

വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിക്ക് ആറ് വയസുള്ളപ്പോഴാണ് അച്ഛന്‍ കുഞ്ഞുണ്ണിക്കുറുപ്പ് മരിക്കുന്നത്. കണ്ണൂരിലെ കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പ്. പിന്നീട് കോടിയേരിയെ ശ്രദ്ധിച്ചത് മുഴുവന്‍ അമ്മാവന്‍ നാണു നമ്പ്യാരായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ പിറവിക്ക് പിന്നിലും അമ്മാവന്‍ നല്‍കിയ രാഷ്ട്രീയ പാഠങ്ങളാണ്.
കോടിയേരിയിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഇടത് പക്ഷ രാഷ്ട്രീയ പ്രസ്താനത്തോട് ചെറുപ്പം മുതലേ ആകൃഷ്ടനായ കോടിയേരി സ്‌കൂള്‍ കാലം മുതലേ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരള സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ പ്രവര്‍ത്തകനാകുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ആര്‍എസ്എസുമായുള്ള സംഘര്‍ഷവും മറ്റും കാരണം കോടിയേരിയുടെ പഠനം നിര്‍ത്തി ചെന്നൈയിലേക്ക് അയച്ചു കുടുംബം. അവിടെ ചിട്ടി കമ്പനിയിലായിരുന്നു ജോലി. രണ്ട് മാസം അവിടെ തുടര്‍ന്നു. അധികം നാള്‍ ജന്മനാട്ടില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ കോടിയേരിക്ക് ആകുമായിരുന്നില്ല.സഹോദരി ഭര്‍ത്താവ് മാധവന്‍ വൈദ്യരെ വിളിച്ച് അറിയിച്ച് നാട്ടില്‍ തിരികെയെത്തി പ്രീഡിഗ്രിക്ക് ചേര്‍ന്നു. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും പൂര്‍വാതിധികം ശക്തിയോടെ തുടര്‍ന്നു. 1970ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മാഹിയില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ യൂണിയന്‍ ചെയര്‍മാനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്.

കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ 1970ല്‍ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു. 1971ല്‍ തലശ്ശേരി കലാപം നടക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങള്‍ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാനുമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. 1973ല്‍ അദ്ദേഹം കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ തടവുകാരനായി പതിനാറ് മാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1973 : ഇരുപതാം വയസ്സില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി (73 80)

1977 : അടിയന്തരാവസ്ഥാകാലത്തു മിസ തടവുകാരനായി ഒന്നര വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ചു.

1982 : തലശ്ശേരിയില്‍ ആര്‍എസ്പി എസിലെ കെ.സി.നന്ദനനെ 17,100 വോട്ടിനു തോല്‍പ്പിച്ച് നിയമസഭയിലെത്തി

1987 : കെ.സുധാകരനെ (കോണ്‍ഗ്രസ്) 5368 വോട്ടിനു പരാജയപ്പെടുത്തി വീണ്ടും തലശ്ശേരിയുടെ പ്രതിനിധിയായി

1990 : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

1995 : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

2001 : തലശ്ശേരിയില്‍ നിന്നു മൂന്നാമതും നിയമസഭയിലേക്ക്. കോണ്‍ഗ്രസിന്റെ സജീവ് മാറോളിയെ 7043 വോട്ടിന് പരാജയപ്പെടുത്തി. പ്രതിപക്ഷ ഉപനേതാവ്

2002 : സി പി എം കേന്ദ്രകമ്മറ്റിയംഗം

2008 : സിപിഎം പൊളിറ്റ്ബ്യൂറോ അംഗം.

2011 : റിജില്‍ മാക്കുറ്റിയെ പരാജയപ്പെടുത്തി വീണ്ടും തലശ്ശേരിയില്‍ നിന്നു നിയമസഭയിലേക്ക്. പ്രതിപക്ഷ ഉപനേതാവ്

2015 : ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

2018 : തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന സെക്രട്ടറി

2019 : അര്‍ബുദ രോഗബാധ തിരിച്ചറിയുന്നു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

2020: നവംബര്‍ 13 ന് ചികിത്സാര്‍ഥം സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയില്‍ പ്രവേശിച്ചു

2021: ഡിസംബറില്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്തി.

2022 : മാര്‍ച്ച് ആദ്യം എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി

2022 : ഏപ്രിലില്‍ വിദഗ്ധ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. തിരിച്ചെത്തിയശേഷം തലസ്ഥാനത്ത് ചികിത്സ തുടര്‍ന്നു. ഓഗസ്റ്റില്‍ സെക്രട്ടറിപദം ഒഴിഞ്ഞു. ആരോഗ്യനില മോശമായതോടെ ഓഗസ്റ്റില്‍ ചികിത്സയ്ക്ക് ചെന്നൈയിലേക്ക്.ഒടുവില്‍ 2022 ഒക്ടോബര്‍ 1ന് വിടവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!