അമ്പെയ്ത്ത് കേന്ദ്രത്തിന്റെ 4 ഏക്കര്‍ ഭൂമി തിരികെ നല്‍കണം

0

പുല്‍പ്പള്ളി: പഞ്ചായത്തിലെ കോളറാട്ടുകുന്നില്‍ അമ്പെയ്ത്ത് കേന്ദ്രത്തിന്റെ ഭാഗമായി സ്റ്റേഡിയം സമുച്ചയമടക്കം നിര്‍മ്മിക്കുന്നതിനായി വാങ്ങി നല്‍കിയ ഭൂമിയില്‍ സ്റ്റേഡിയനിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികളൊന്നും നടത്താതെ കാടുപിടിച്ച് കിടക്കുന്ന 4 ഏക്കറോളം ഭൂമി പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ വേണമെന്ന ആവശ്യവുമായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതര്‍. പദ്ധതി ഇനിയും യാഥാര്‍ത്ഥ്യമാകാത്തതിനാലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി മടക്കി നല്‍കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

2010 ജനുവരിയിലാണ് സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്ന പുല്‍പ്പള്ളിയിലെ കോളറാട്ടുകുന്നിലെ ബ്ലോക്ക് നമ്പര്‍ അഞ്ചില്‍പ്പെട്ട ഭൂമി ഗ്രാമപഞ്ചായത്ത് വിലയ്ക്ക് വാങ്ങി സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് കൈമാറിയത്. എന്നാല്‍ 11 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ത്ഥ്യമാകുകയോ കാര്യമായ തുടര്‍നടപടിയുണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രസ്തുത എട്ടേക്കര്‍ ഭൂമിയില്‍ നിന്ന് നാല് ഏക്കറെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ വേണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. മൂന്ന് വര്‍ഷം കൊണ്ട് ആര്‍ച്ചറി അക്കാദമിയോട് അനുബന്ധിച്ച് സ്റ്റേഡിയം സമുച്ചയം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ പ്രസ്തുത ഭൂമി തിരികെ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ പ്രവര്‍ത്തനവും നടത്താന്‍ സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് സാധിച്ചിട്ടില്ല.

പുല്‍പ്പള്ളിയെ സംബന്ധിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭൂമിയില്ലെന്ന അവസ്ഥയാണുള്ളത്. എഡ്യുപാര്‍ക്ക്, ഐ ടി പാര്‍ക്ക്, ബസ്റ്റാന്റ്, ഫയര്‍സ്റ്റേഷന്‍ എന്നിങ്ങനെ പദ്ധതികള്‍ ഒരുപാട് നടപ്പിലാക്കാനിരിക്കുമ്പോഴും ആവശ്യമായ ഭൂമി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ അമ്പെയ്ത്ത് കേന്ദ്രത്തിന് ആവശ്യമായ നാല് ഏക്കര്‍ ഒഴിച്ച് ബാക്കി പഞ്ചായത്തിന് തന്നെ മടക്കി നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. അമ്പെയത്ത് പരിശിലനകേന്ദ്രത്തില്‍ പരിശീലനം നടക്കുന്നുണ്ടെങ്കിലും സ്റ്റേഡിയമുള്‍പ്പടെ നിര്‍മ്മിച്ച് ആധുനിക രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായ നടപടികള്‍ സ്വികരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ട് സ്റ്റേഡിയം നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കായികപ്രമികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!