റോഡുകള്‍ തകര്‍ന്നാല്‍ അറിയിക്കാം; കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും

0

പരിപാലന കാലാവധിയുള്ള റോഡുകളില്‍ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെ ശനിയാഴ്ചമുതല്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങും. റോഡുകള്‍ തകര്‍ന്നാല്‍ അക്കാര്യം ജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം.റോഡുകളുടെ തുടക്കത്തിലും അവസാനത്തിലും ഇത്തരം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ചലച്ചിത്രതാരം ജയസൂര്യയും മന്ത്രിയും ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യഘട്ടമായി, ഇത്തരം റോഡുകളുടെ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനില്‍ക്കുന്നത്. പ്രവൃത്തികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. അതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സം. മഴ കഴിഞ്ഞാലുടന്‍ പണി ആരംഭിക്കും. ഇതിനായി 271.41 കോടി അനുവദിച്ചു.തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് ഫോട്ടോസഹിതം ചീഫ് എന്‍ജിനിയര്‍മാരെ അറിയിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ നേരിട്ട് പരാതി നല്‍കരുതെന്ന ഉത്തരവ് വന്നത് അന്വേഷിക്കും
ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് നേരിട്ട് പരാതി നല്‍കരുതെന്നതരത്തില്‍ പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം ചീഫ് എന്‍ജിനിയറില്‍നിന്ന് ഉത്തരവുവന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2017-ലെ ഉത്തരവ് നിലനില്‍ക്കെ ഇങ്ങനെയൊരു ഉത്തരവിന്റെ ആവശ്യമില്ല. പുതിയ ഉത്തരവ് റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!