റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ മഞ്ഞ (അന്ത്യോദയ അന്നയോജന) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കുക. 10 ഇനങ്ങളാകും കിറ്റില്‍ ഉണ്ടാകുക. 86 ലക്ഷം ഭക്ഷ്യകിറ്റുകള്‍ സപ്ലൈകോ തയാറാക്കിവരുന്നു. അസംഘടിത മേഖലയിലുള്ളവരും സ്ഥിരം തൊഴില്‍ ഇല്ലാത്തവരും കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായതിനാല്‍ കിറ്റ് ഉടനടി നല്‍കാന്‍ സപ്ലൈകോയ്ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി.
ഉത്തരവ് ഈയാഴ്ച ഇറങ്ങും. അതേസമയം, റേഷന്‍ കടകളിലെ ഇപോസ് യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിക്കുന്നത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒഴിവാക്കണമെന്ന റേഷന്‍ കട ഉടമകളുടെ അഭ്യര്‍ഥന ഭക്ഷ്യ വകുപ്പ് അംഗീകരിക്കാന്‍ ഇടയില്ല. ബയോമെട്രിക് സംവിധാനം ഒഴിവാക്കി റേഷന്‍ നല്‍കരുതെന്നു കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്. വിരല്‍ പതിപ്പിക്കും മുന്‍പ് സാനിറ്റൈസ് ചെയ്യാനാണു ഭക്ഷ്യ വകുപ്പിന്റെ നിര്‍ദേശം.
കേന്ദ്ര റേഷന്‍ 15 ന് ശേഷം
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) അനുസരിച്ചു കേന്ദ്ര സര്‍ക്കാര്‍ 2 മാസത്തേക്ക് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം 15ന് ശേഷം തുടങ്ങും. ഏകദേശം 31 ലക്ഷത്തോളം വരുന്ന മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി അല്ലെങ്കില്‍ ഗോതമ്പ്, ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല നല്‍കുന്ന സംവിധാനമാണിത്. കഴിഞ്ഞ വര്‍ഷം 6 മാസമാണ് പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യ റേഷന്‍ നല്‍കിയത്. 1.54 കോടി ഗുണഭോക്താക്കള്‍ക്ക് മേയ്, ജൂണ്‍ മാസത്തില്‍ വിതരണം ചെയ്യുന്നതിനുള്ള 70,000 മെട്രിക് ടണ്‍ അരി കേരള സര്‍ക്കാരിന് കൈമാറി. രാജ്യത്തെ 80 കോടി ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അതിഥി തൊഴിലാളികള്‍ക്ക് 60,000 കിറ്റുകള്‍
അഞ്ച് കിലോ അരി, രണ്ടു കിലോവീതം ആട്ട, കടല, ഒരു കിലോവീതം ഉരുളക്കിഴങ്ങ്, സവാള എന്നിവയാണ് അതിഥി തൊഴിലാളികളുടെ കിറ്റില്‍. അതിഥി തൊഴിലാളികളുടെ കിറ്റുകള്‍ വിതരണം ചെയ്യുന്നത് തൊഴില്‍വകുപ്പിന്റെയും തദ്ദേശ
സ്വയംഭരണവകുപ്പിന്റെയും സഹകരണത്തോടെയായിരിക്കും.
കുട്ടികളുടെ കിറ്റ്
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ തയ്യാറായി. ഇവ സ്‌കൂളുകളിലെത്തിച്ച് ഉടന്‍ വിതരണം ചെയ്യും. 25 കിലോ അരിവീതം നേരത്തെ കൊടുത്തിരുന്നു. പയര്‍, കടല, പഞ്ചസാര, മുളകുപൊടി, പരിപ്പ്, ഉഴുന്ന് എന്നിവയാണ് കിറ്റിലുള്ളത്.