പതിറ്റാണ്ടുകളായി താമസിക്കുന്ന കിടപ്പാടത്തിന്റെ പട്ടയത്തിന്നായി കാത്തിരിക്കുന്നത് 200-ാളം കുടുംബങ്ങള്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ചൂരിമല ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാറിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് സംസ്ഥാനത്തിന് വിട്ടുനല്‍കുമെന്ന പ്രഖ്യാപനം നടപ്പാകാത്തതും കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നു.
ബീനാച്ചി എസ്റ്റേറ്റിന്റെ ഭൂമിയിലാണ് ഇവര്‍ താമസിക്കുന്നതെന്ന കാരണത്താലാണ് പട്ടയം ലഭിക്കത്തത്. 56 ഏക്കര്‍വരുന്ന എസ്റ്റേറ്റില്‍ 66എക്കര്‍ 12 സെന്റ് സ്ഥലമാണ് 200-ളം കുടുംബങ്ങള്‍ കൈവശം വെച്ചുവരുന്നത്. മധ്യപ്രദേശ് സര്‍ക്കാറിന്റെ കൈവശമാണ് ഈ എസ്റ്റേറ്റ് എന്നതും കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാന്‍ തടസ്സമായി ചൂണ്ടികാണിക്കുന്നു. അതേസമയം കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പിനുമുന്നോടിയായി മുഖ്യമന്ത്രി വയനാട്ടില്‍ എത്തിയപ്പോള്‍ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാറിന് വിട്ടുനല്‍കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സന്നദ്ധമാണന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ നടപടികളും ഇതുവരെ ഒന്നുമാകാത്തും കുടുംബങ്ങളെ ആശങ്കയിലാക്കുകയാണ്. പതിറ്റാണ്ടുകളായി തങ്ങള്‍ താമസിച്ചുവരുന്ന ഭൂമിയ്ക്ക് ഇനിയെങ്കിലും പട്ടയം അനുവദിച്ചുതരണമെന്നാണ് ഇവരുടെ ആവശ്യം. പട്ടയം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ മിക്കതും തങ്ങള്‍ക്ക് ലഭിക്കുന്നില്ലന്നുമാണ് കുടുംബങ്ങള്‍ പറയുന്നത്.