കാട്ടുപന്നികളുടെ വിളയാട്ടം, കൊയ്ത്തിന് പാകമായ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. ബത്തേരി പഴേരി തോട്ടപ്പുര പ്രസന്നന്റെ ഒരേക്കര്‍ കൃഷിയാണ് പന്നിക്കൂട്ടം പൂര്‍ണ്ണമായും നശിപ്പിച്ചത്. ചുറ്റും കമ്പിവേലി ഉണ്ടെങ്കിലും ഇവ മറികടന്നാണ് കൃഷി നശിപ്പിച്ചത്.
ഇരുപതിനായിരം രൂപയോളം ചെലവഴിച്ചാണ് കൃഷിയിറക്കിയത്. പന്നിശല്യംകാരണം രാത്രികാലങ്ങളില്‍ കാവലിരുന്നായിരുന്നു വിളകാത്തത്. എന്നാല്‍ കൂട്ടമായി പന്നികളെത്താന്‍ തുടങ്ങിയതോടെ ജീവന്‍ഭയന്ന് കാവലിരിക്കാനും കഴിയാത്ത അവസ്ഥയായി.
സമീപത്തെ കാടുമൂടികിടക്കുന്ന കൃഷിയിടങ്ങളില്‍ നിന്നും ഇറങ്ങിയ കാട്ടുപന്നികള്‍ മൂന്ന് ദിവസം കൊണ്ടാണ് ഒരേക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചത്. കാര്‍ഷിക വൃത്തിയെടുത്താണ് പ്രസന്നനും കുടുംബവും പുലരുന്നത്. ആകെയുണ്ടായിരുന്ന നെല്‍കൃഷിയും പന്നികള്‍ നശിപ്പിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കര്‍ഷകന്‍.