എല്ലാ മാസവും 5 ന് മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കണമെന്ന ഉറപ്പിനായി കെഎസ്ആര്‍ടിസി ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കെ, മന്ത്രി ആന്റണി രാജുവുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്. കഴിഞ്ഞ ദിവസം എംഡി ബിജു പ്രഭാകറുമായി നടത്തിയ ചര്‍ച്ചയില്‍ ശമ്പളക്കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ അദ്ദേഹം തയാറായിരുന്നില്ല. മന്ത്രിയാണ് ഇക്കാര്യത്തില്‍ ഉറപ്പു പറയേണ്ടതെന്നായിരുന്നു എംഡിയുടെ പ്രതികരണം.
5നു മുന്‍പ് ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നു മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം പരസ്യ പ്രസ്താവന നടത്തിയതോടെ ഇന്നു നടക്കുന്ന ചര്‍ച്ചയുടെ ഫലത്തെക്കുറിച്ച് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം എംഡിയുമായി നടന്ന ചര്‍ച്ചയില്‍ വരുമാന വര്‍ധനയ്ക്കു മാനേജ്‌മെന്റും യൂണിയനുകളും ഒരുമിച്ച് നീങ്ങുന്നതിനും സര്‍വീസുകളുടെ പുനഃക്രമീകരണത്തിന് യൂണിയനുകള്‍ തന്നെ മുന്‍കയ്യെടുക്കാനും തീരുമാനിച്ചിരുന്നു. ദിവസം 2 കോടിയെങ്കിലും അധികവരുമാനം കണ്ടെത്തണമെന്നായിരുന്നു തീരുമാനം.
മേയ് 5നു മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ആറിന് സമരം ചെയ്യുമെന്ന് ടിഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ബിഎംഎസും ഇറങ്ങും. ശമ്പളക്കാര്യത്തില്‍ പിറകോട്ടു പോകാന്‍ സിഐടിയുവിനുമാകില്ല. ഒരു സമരം വന്നാല്‍ കെഎസ്ആര്‍ടിസിക്ക് അതു താങ്ങാനുള്ള കരുത്തുമില്ല.മാസം 30 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സഹായം. ഇതില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. 75 കോടിയാണു കെഎസ്ആര്‍ടിസി ചോദിക്കുന്നത്. 82 കോടിയാണ് മാസം ശമ്പളം നല്‍കാന്‍ വേണ്ട തുക.