യാത്രക്കാര്‍ ടിക്കറ്റെടുത്തില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് പിഴ

0

കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാല്‍ കണ്ടക്ടറുടെ കൈയില്‍നിന്ന് 5000 രൂപവരെ പിഴ ഈടാക്കും. ഇത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. ഉത്തരവിറക്കി. നേരത്തേ സസ്‌പെഷനായിരുന്നു ശിക്ഷ. ആദ്യ ഘട്ടത്തിലാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും നിയമനടപടിയും നേരിടണം.

കെ.എസ്.ആര്‍.ടി.സി. ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും ജില്ലാ അധികാരികളുടെ ചുമതലകള്‍ വിശദീകരിക്കുന്നതിനുമായി മാനേജിങ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

മുപ്പത് യാത്രക്കാര്‍വരെ സഞ്ചരിക്കുന്ന ബസില്‍ ഒരാള്‍ ടിക്കറ്റെടുക്കാതിരുന്നാല്‍ 5000 രൂപയാണ് പിഴ. 31 മുതല്‍ 47 വരെ യാത്രക്കാരുണ്ടെങ്കില്‍ 3000 രൂപയും 48-ന് മുകളില്‍ യാത്രക്കാരുണ്ടെങ്കില്‍ 2000 രൂപയും. സാധാരണ ബസില്‍ 48-50 സീറ്റുകളാണുണ്ടാവുക. 10 യാത്രക്കാരെ കൂടുതല്‍ എടുക്കാനേ ചട്ടമുള്ളൂ. സൂപ്പര്‍ എക്‌സ്പ്രസ് ബസില്‍ 39 സീറ്റുകളേ ഉണ്ടാകൂ. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

ജീവനക്കാര്‍ക്കുണ്ടാകുന്ന വീഴ്ചകളിലും കൃത്യവിലോപങ്ങളിലും നിയമപരമായ നടപടികള്‍ നിലവിലുണ്ടെങ്കിലും വന്‍തുക പിഴ ചുമത്തുന്നതിനുള്ള നിര്‍ദ്ദേശം ആദ്യമായാണ്. സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികള്‍ തെളിഞ്ഞാല്‍ ജീവനക്കാര്‍ പിഴയായി 500 രൂപ നല്‍കണം. കൂടാതെ വിജിലന്‍സ് ഓഫീസറുടെ മുന്നില്‍ ഹാജരാകുകയും വേണം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന നഷ്ടയിനത്തില്‍ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!