ബസ് ചാര്‍ജ് കൂട്ടും തീരുമാനം ഉടന്‍: ഗതാഗത മന്ത്രി

0

സംസ്ഥാനത്ത് സ്വകാര്യ ബസിന്റെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനം. ചാർജ് വർധന തത്ത്വത്തിൽ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ചാർജ് വർധനയിൽ ഉടൻ തീരുമാനമാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ഇന്ധന വില വർധിച്ചതിനാൽ ബസ് ചാർജ് വർ‌ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തോട് സർക്കാർ യോജിച്ചു. സർക്കാർ പുതിയ നിർദേശമൊന്നും മുന്നോട്ടു വച്ചില്ല. ജനത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്കു വർധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാർജ് എന്ന് മുതൽ നിലവിൽ വരണമെന്ന് ഉടൻ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായി ആശയ വിനിമയം നടത്തും.

ചാർജ്  വർധിപ്പിക്കുമ്പോൾ, ഓരോ ഫെയർ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും.  മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം വൈകാതെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. സംഘടനകളുടെ എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.

കോവിഡ് കഴിയുന്നതുവരെ ടാക്സ് ഒഴിവാക്കണം എന്ന ഉടമകളുടെ ആവശ്യം പരി​ഗണിച്ച് ടാക്സ് ഒരു ക്വാട്ടർ ഒഴിവാക്കുകയും ഡിസംബർ 31വരെ സമയം നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്. സർക്കാരുമായി തുടർ ചർച്ചകൾ നടത്താൻ സ്വകാര്യ ബസ് ഉടമകളുടെ മൂന്ന് അംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

മിനിമം നിരക്ക്  എട്ട് രൂപയിൽ നിന്ന് 12 ആക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്ന് ഒരു രൂപ ആക്കുക, വിദ്യാർത്ഥികളുടെ നിരക്ക് ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനം ആക്കുക, കോവിഡ് കഴിയുന്നതുവരെ ടാക്സ് ഒഴിവാക്കുക എന്നിവയാണ് സംഘടനകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ.

Leave A Reply

Your email address will not be published.

error: Content is protected !!