പുളിയാര്‍മല പദ്മപ്രഭ ട്രസ്റ്റിന്റെ പദ്മപ്രഭ സ്മാരക പുരസ്‌കാരം നാളെ വൈകുന്നരം നാലിനു പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലെ സമ്മേളനത്തില്‍ കവിയും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിക്ക് ചെറുകഥകളുടെ കുലപതി ടി.പദ്മനാഭന്‍ സമര്‍പ്പിക്കും.75,000 രൂപയും പദ്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് 1996 മുതല്‍ നല്‍കിവരുന്ന പുരസ്‌കാരമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിക്കും. പുരസ്‌കാര ജേതാവിനെ മാതൃഭൂമി ഡയറക്ടര്‍ എം.ജെ.വിജയപദ്മന്‍ പൊന്നാട അണിയിക്കും.
സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പദ്മപ്രഭ സ്മാരക പ്രഭാഷണം നടത്തും. ശ്രീകുമാരന്‍ തമ്പി രചിച്ച ‘ ജീവിതം ഒരു പെന്‍ഡുലം’ എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പ്രകാശനം ചെയ്യും. മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗാനരചയിതാവ് രവി മേനോന്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ എച്ച്.എസ്.എസ് പ്രിന്‍സിപ്പലുമായ പി.എ.ജലീല്‍, കവയിത്രി പി.ജി.ലത എന്നിവര്‍ സംസാരിക്കും. ജയരാജ് വാര്യര്‍, രാജലക്ഷ്മി, എടപ്പാള്‍ വിശ്വന്‍ എന്നിവരുടെ സംഗീതസമര്‍പ്പണം ഉണ്ടാകും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എ.ജലീല്‍, കണ്‍വീനര്‍ പി.ജി.ലത, മറ്റു ഭാരവാഹികളായ പി.സൂപ്പി, ടി.വി.രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു