ഹോട്ടല്‍ തൊഴിലാളികളുടെ കണ്ണുനീരിന് പരിഹാരം കാണണം: ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് സ്റ്റാഫ് അസോസിയേഷന്‍
മാനന്തവാടി: ഹോട്ടല്‍ തൊഴിലാളികളുടെ കണ്ണുനീരിന് പരിഹാരം കാണണമെന്ന് യുണൈറ്റഡ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം. മാനന്തവാടി ഹോട്ടല്‍ വയനാട് സ്‌ക്വയറില്‍ സംസ്ഥാന പ്രസിഡണ്ട് മനുമാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഹോട്ടല്‍ മേഖലകളിലേക്ക് കുത്തി നിറക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കാള്‍ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുക, കേരള ടൂറിസം കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നടപ്പിലാക്കുക, ടൂറിസം കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓരോ റസ്റ്റോറന്റ്, ഹോട്ടലുകളില്‍ മിനിമം 50 ശതമാനമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് രക്തദാനം ജീവദാനം സന്ദേശം പ്രചരിപ്പിക്കുന്നതിനായി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തദാനം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് എ.എം ഷിനോദ് അധ്യക്ഷനായി, ജില്ലാ കോര്‍ഡിനേറ്റര്‍ ബിജു മാതൃു വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിതീഷ് കുമാര്‍, പ്രവീണ്‍ എ, വിലേഷ്, വിപിന്‍ ജോസഫ്, സെക്രട്ടറി ജോണി ചാക്കോ സെക്രട്ടറി ഡെനീഷ് മാതൃു എന്നിവര്‍ സംസാരിച്ചു.