മെയ് 31 മുതല്‍ മരിയനാട് എസ്റ്റേറ്റില്‍ ആരംഭിച്ച ആദിവാസി ഭൂസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോക ആദിവാസി ദിനമായ ഓഗസ്റ്റ് ഒമ്പതിന് മരിയനാട് എസ്റ്റേറ്റില്‍ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പത്,10 തീയതികളില്‍ ബത്തേരിയില്‍ ഏകദിന ശില്‍പശാലകളും സംഘടിപ്പിക്കും. ശില്‍പശാലയില്‍ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കും.വാര്‍ത്ത സമ്മേളനത്തില്‍ ആദിവാസി ഗോത്രംഹാസഭ സംസ്ഥാന കോഡിനേറ്റര്‍ എം ഗീതാനന്ദന്‍, ഇരുളം ഭൂ സമരസമിതി ചെയര്‍മാന്‍ ബി വി ബോളന്‍, കണ്‍വീനര്‍ എ ചന്തുണ്ണി, ബാബു എല്ലകൊല്ലി, രമേശന്‍ കോയാലിപ്പുര എന്നിവര്‍ പങ്കെടുത്തു.
സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ വിധിക്കും വനാവകാശ നിയമം ദുര്‍ബലപ്പെടുത്തികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനുമെതിരെ പ്രക്ഷോഭ പരിപാടികളാരംഭിക്കാനും ആദിവാസി ഗോത്രമഹാസഭയും ഇരുളം ഭൂസമര സമിതിയും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 30 ന് കണ്ണൂര്‍ ആറളം ഫാമില്‍ പ്രക്ഷോഭ കണ്‍വെന്‍ഷനും നടക്കും. 380 ഓളം കുടുംബങ്ങളാണ് മരിയനാട് എസ്റ്റേറ്റില്‍ കുടില്‍കെട്ടി സമരമിരിക്കുന്നത്. സമരത്തിന് ഫലംചെയ്യുന്ന കാര്യമായ ചര്‍ച്ചകളൊന്നും ഇതുവരെ നടന്നില്ല. അനൗദ്യോഗികമായി ഡി എഫ് ഒയുടെയും സബ്കലക്ടറുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതായും അവര്‍ അറിയിച്ചു.