സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്‌സീന്‍ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടെന്നും എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവരില്‍ 95 ശതമാനം പേരും ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ചു കഴിഞ്ഞു. 53 ശതമാനം പേര്‍ ഇതിനോടകം രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചു കഴിഞ്ഞു.
ജനുവരിയോടെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവരുടെ എണ്ണം 80 -ശതമാനത്തിന് മുകളിലേക്ക് എത്തും എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. കുട്ടികള്‍ക്കായി സൈഡസ് കാഡിലയുടേയും ഭാരത് ബയോടെക്കിന്റേയും വാക്‌സീനുകള്‍ക്ക് നേരത്തെ ഐസിഎംആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ വാക്‌സീനേഷന് അനുമതി ലഭിച്ചാല്‍ അതിനു വേണ്ട മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്.
നവംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. ശക്തവും ശാസ്ത്രീയവുമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് സ്‌കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നവംബര്‍ പകുതിയോടെ എട്ടാം ക്ലാസ് മുതല്‍ മുകളിലുള്ളവരും സ്‌കൂളിലേക്ക് എത്തും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. എങ്കിലും കുട്ടികളുടെ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടു വരാനാവൂ.