കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയമിതരായ കോവിഡ് ബ്രിഗേഡിൻ്റെ നിയമന കാലാവധി ജില്ലയിൽ പൂർത്തിയായി. ഒക്ടോബർ 31 വരെയായിരുന്നു ബ്രിഗേഡിൻ്റെ സേവന കാലാവധി.
ആരോഗ്യ വകുപ്പ് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്തായിരുന്നു ബ്രിഗേഡ് പോരാളികളുടെ നിയമനം. 783 പേരാണ് ഇത്തരത്തിൽ ജില്ലയിൽ നിയമിതരായത്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും, കളക്ട്രേറ്റിലെ കോവിഡ് കൺട്രോൾ റൂമിലും ഇവരുടെ സേവനം ലഭ്യമായിരുന്നു. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവർ സി.എഫ്.എൽ.ടി.സികളിലും, ഐ.സി.യുവിലും പ്രവർത്തിച്ചത്.
സ്വാബ് കളക്ഷൻ, കോൺടാക്ട് ട്രേസിംഗ്, ആർ.ടി.പി.സി.ആർ ലാബ്, ആംബുലൻസ് ഡ്രൈവർമാർ, എമർജൻസി ഷിഫ്റ്റിംഗ് മാനേജ്മെന്റ്, ഫാർമസി, നഴ്സിംഗ്, ഡാറ്റാ എൻട്രി തുടങ്ങി വിവിധ വിഭാഗങ്ങളിലും ഇവരുടെ സേവനം ലഭ്യമായിരുന്നു. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പബ്ലിക് റിലേഷൻസ് ഓഫീസർമാർ മുഖേന ലഭ്യമാക്കുമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി അറിയിച്ചു. കോവിഡ് ബ്രിഗേഡ് ഇതുവരെ ജില്ലയിൽ നടത്തിയ സ്തുത്യർഹമായ സേവനത്തിനും, സേവന സന്നദ്ധതയ്ക്കും ഡി.പി.എം നന്ദി അറിയിച്ചു.