നമ്മുടെ ശരീരത്തില്‍ പൊതുവേ കൊഴുപ്പടിഞ്ഞു കൂടുന്ന ഇടങ്ങളാണ് അരക്കെട്ടും വയറുമെല്ലാം. പൊതുവേ സൗന്ദര്യത്തിന് ദോഷകരമാണ് കൊഴുപ്പടിഞ്ഞുകൂടുന്നത്. പലരും ഇത്തരം കൊഴുപ്പു മറയ്ക്കാനും വയര്‍ ചാടുന്നത് പുറമേ കാണിയ്ക്കാതിരിയ്ക്കാനും വേണ്ടി ചെയ്യുന്ന വഴിയുണ്ട്. വയറിന് മുകളില്‍ വച്ച് വസ്ത്രങ്ങള്‍ നല്ലതു പോലെ മുറുക്കി കെട്ടുക. അല്ലെങ്കില്‍ വയര്‍ പുറത്ത് കാണാതിരിയ്ക്കാന്‍ വണ്ണം ടൈറ്റായി ബെല്‍റ്റ് കെട്ടുക. ഇത് നിങ്ങളുടെ വയറും കൊഴുപ്പുമെല്ലാം ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്തുമെങ്കിലും ആരോഗ്യത്തിന് തീരെ നല്ലതല്ലെന്ന് വേണം, പറയാന്‍. പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും വരുത്തി വയ്ക്കുന്ന ഒന്നാണിത്.
ടൈറ്റായി വസ്ത്രം കെട്ടുമ്പോള്‍ വരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൂടുതല്‍ മര്‍ദം. മര്‍ദം കൂടുമ്പോള്‍ വയറ്റിലെത്തുന്ന ഭക്ഷണം നേരെ ദഹിയ്ക്കില്ല. സാധാരണ നമ്മുടെ വയറ്റിലെത്തുന്ന ഭക്ഷണം ആമാശയത്തില്‍ എത്തി ഇവിടെ നിശ്ചിത സമയം കൊണ്ട് ദഹിച്ച് ചെറുകുടലിലേക്ക് പോകുന്നു. എന്നാല്‍ വയറ്റില്‍ മര്‍ദം കൂടുമ്പോള്‍ ഈ ഭക്ഷണം ഇതു പോലെ ചെറുകുടലിലേയ്ക്ക് പോകുന്നില്ല. ആമാശത്തില്‍ തന്നെ നില നില്‍ക്കുന്നു. ഇത് പുളിച്ചു തികട്ടല്‍, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടാകുന്നു.
ഇതല്ലാതെ മറ്റൊരു പ്രശ്‌നമാണ് ഈ മര്‍ദം കാരണം ആമാശത്തേയും അന്നനാളത്തേയും വേര്‍തിരിയ്ക്കുന്ന ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ട്. വസ്ത്രം മുറുക്കിക്കട്ടുമ്പോഴുണ്ടാകുന്ന മര്‍ദം കാരണം ആമാശത്തിന്റെ മുകള്‍ഭാഗത്ത് കൂടുതല്‍ ഭക്ഷണം എത്തി നില്‍ക്കുന്നു.
ഇത് ആമാശയ, അന്നനാളത്തെ വേര്‍തിരിക്കുന്ന ഭാഗത്തെ ലൂസാക്കുകയും നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം നീര്‍ക്കെട്ട് ഈ ഭാഗത്തുള്ള മസിലിനെ ബാധിച്ച് ഹയാറ്റിക് ഹെര്‍ണിയ എന്ന അവസ്ഥയുണ്ടാക്കുന്നു. അതായത് ആമാശത്തിലെ ഘടകങ്ങള്‍ അന്നാനാളത്തിലേയ്ക്ക് തികട്ടി കയറുന്നത് കൊണ്ടുള്ള അവസ്ഥ. ഒരിക്കല്‍ ഇത്തരത്തില്‍ ഈ അവസ്ഥയുണ്ടായാല്‍ ഇത് സ്ഥിരമായി ഉണ്ടാകും.
ഇതിനാല്‍ തന്നെ വസ്ത്രം ടൈറ്റ് ചെയ്യുമ്പോള്‍ രണ്ടു വിരല്‍ കടക്കാനുള്ള അകലം ഇട്ടു വേണം, ഇത് ചെയ്യാന്‍. ഇത് ബെല്‍റ്റ് ഇടുന്ന കാര്യത്തിലും വസ്ത്രം മുറുക്കി കെട്ടുന്ന കാര്യത്തിലും. പ്രത്യേകിച്ചും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഇത്തരത്തില്‍ വസ്ത്രം മുറുക്കി ഇടരുത്. ബെല്‍റ്റും. ഭക്ഷണം കഴിച്ച് ഇത്തരം ടൈറ്റായ ശരീരഭാഗവുമായി ഇരിയ്ക്കുമ്പോള്‍ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഏറുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടല്ല, ഇതുണ്ടാകുന്നതെങ്കില്‍ ചിലപ്പോള്‍ ഈ വസ്ത്രം അണിയുന്ന രീതിയായിരിയ്ക്കാം. സൗന്ദര്യം കാക്കാന്‍ ശ്രമിച്ച് ആരോഗ്യം കേടു വരുത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.