ഇന്ന് ചിങ്ങം ഒന്ന്: കേരളത്തിന് പുതുവര്‍ഷ പിറവി

0

കേരളക്കരയ്ക്ക് ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ ചിങ്ങമാസവും ഉണര്‍ത്തുന്നത്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്.

പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. പോയ നാളുകളിലെല്ലാം പ്രളയം കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ഇത്തവണ മഹാമാരിക്കാലത്തിന്റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്.

പോയ ദിനങ്ങള്‍ പരിധികളില്ലാതെ നമ്മെ കൈകോര്‍ക്കാനും ചെറുത്തു നില്‍ക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളില്‍ നിന്ന് കരുത്തോടെ കരുതലോടെ നമ്മള്‍ മുന്നേറി. മഹാമാരിയുടെ അടച്ചിടലുകള്‍ വ്യത്യസ്തമായ നല്ലകാര്യങ്ങള്‍ നമ്മെ ചെയ്യാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!