രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം. ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാനും വിധിയില്‍ പറയുന്നു. ജസ്റ്റിസ് പിബി സുരേഷ് കുമാറിന്റെ ബെഞ്ചില്‍ നിന്നാണ് ഇത്തരത്തിലൊരു സുപ്രധാന വിധി വന്നിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സൌജന്യ വാക്‌സിന് ഈ ഇളവുകള്‍ ബാധകമല്ലെന്നും വിധിയില്‍ പ്രസ്താവിക്കുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന് 84 ദിവസത്തെ ഇടവേള അനുവദിക്കാം. കിറ്റക്‌സ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഈ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. കേന്ദ്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.