ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും കൈനാട്ടി ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തില്ലെന്ന് ആക്ഷേപം. മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നു 50 ലക്ഷം രൂപ ചെലവിട്ടാണു വാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പിന്നീട് കഴിഞ്ഞ മാര്‍ച്ച് 11ന് ഉദ്ഘാടനവും നടത്തി. മുകളിലെയും താഴത്തെ നിലയിലുമായി 12 മുറികളാണു വാര്‍ഡിനായി നിര്‍മിച്ചത്. ദിവസേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്.
നിര്‍മ്മാണ ചുമതലയുള്ള കല്‍പ്പറ്റ നഗരസഭ പണി പൂത്തിയാക്കിയതിന് ശേഷം തങ്ങള്‍ക്ക് കെട്ടിടം വിട്ടുനല്‍കിയില്ലെന്നാണ് ഈ വിഷയത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ ബില്‍ഡിങ് നിര്‍മ്മാണത്തിന് എം.എല്‍.എ ഫണ്ട് വെച്ചപ്പോള്‍ വൈദ്യുതി , പ്ലംബിംഗ് ഉള്‍പ്പെടെയുള്ളവക്ക് ഫണ്ട് നീക്കി വെച്ചിരുന്നില്ലെന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ചത്. പുതിയ നഗരസഭാ ഭരണസമിതി വന്നതിന് ശേഷമാണ് ഈ ആവശ്യത്തിനായി ഫണ്ട് ഉള്‍പ്പെടുത്തിയതെന്നും , ഈ പണി പൂര്‍ത്തിയാക്കിയതിന് ശേഷം ഉടനടി ആശുപത്രി അധികൃതര്‍ക്ക് കൈമാറുമെന്നും നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.