വിദ്യാഭ്യാസ വായ്പയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ മുള്‍മുനയില്‍ നിര്‍ത്തി ക്രൂശിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എജ്യൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോണ്‍ എടുത്തവരുടെ അടിയന്തര യോഗം നവംബര്‍ 4 ന് രാവിലെ മാനന്തവാടി വ്യാപാര ഭവനില്‍ ചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലാ പ്രസിഡണ്ട് റ്റി.ഡി.മാത്യു, എം.വി.പ്രഭാകരന്‍, ശ്രീധരന്‍ ഇരുപുത്ര, എസ്.ജി.ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ മാസം 22 ന് മാനന്തവാടിയില്‍ വെച്ച് കേരള ഗ്രാമീണ ബാങ്ക് അധികൃതര്‍ നടത്തിയ അദാലത്ത് വിട്ടുവീഴ്ചകള്‍ ചെയ്ത് പരിഹരിക്കുന്നതിന് തയ്യാറാകാതെ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ച് പ്രഹസനമാക്കുകയാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ പേരില്‍ ജില്ലയില്‍ വ്യാപകമായി റിക്കവറി നോട്ടീസുകള്‍ അയച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് നല്കുകയും നടപടികള്‍ നിര്‍ത്തി വെക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അറിയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന ഇ എല്‍ ആര്‍ എസ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ പേരിലാണ് ഇപ്പോള്‍ നടപടികള്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. മേല്‍ പറഞ്ഞ സര്‍ക്കാര്‍ സഹായ പദ്ധതിക്ക് വേണ്ടി നീക്കിവെച്ച 900 കോടിയുടെ ഫണ്ടില്‍ നിന്നും 196 കോടി രൂപ മാത്രമേ ഇത് വരെ ഉപയോഗപ്പെടുത്തിയിട്ടുളളു. ബാക്കി വരുന്ന ഫണ്ട് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയാല്‍ ഇന്നുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഈ മാസം 4 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി വ്യാപാര ഭവനില്‍ വെച്ച് വായ്പാ ബാദ്ധ്യതയുളളവരുടെ വിപുലമായ ജില്ലാ കണ്‍വെന്‍ഷന്‍ നടക്കുമെന്ന് മുഴുവന്‍ ആളുകളും യോഗത്തില്‍ പങ്കെടുക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.