ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിഷുനാളിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആഘോഷം പൊടിപൊടിക്കാന്‍ വിവിധ തരം ഉത്പന്നങ്ങള്‍ വിപണിയിലിറക്കി ആളുകളെ കടകളിലേക്ക് ആകര്‍ഷിക്കാന്‍ വ്യാപാരികളും ഒരുങ്ങി കഴിഞ്ഞു. വിഷുക്കണി ഒരുക്കുന്നതില്‍ പ്രധാനമായ കൃഷ്ണ വിഗ്രഹങ്ങളുമായി ദിവസങ്ങള്‍ക്ക് മുന്‍പേ വഴിയോരങ്ങളില്‍ ആളുകള്‍ വില്‍പന ആരംഭിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്ക് കണിക്കൊന്നകളും വിപണിയില്‍ സജീവമാണ്. വിഷു ദിനത്തില്‍ പൂക്കള്‍ക്കുണ്ടാകുന്ന ക്ഷാമം മുതലെടുത്താണ് പ്ലാസ്റ്റിക്ക് പൂക്കള്‍ വിപണി കൈയ്യടക്കുന്നത്. വാഹനങ്ങളിലും മറ്റും തൂക്കിയിടുന്നതിനായി ഡ്രൈവര്‍മാരും ഇത്തരം പൂക്കള്‍ വാങ്ങുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പലയിടത്തും ഒരു മാസം മുന്‍പു തന്നെ കണിക്കൊന്നകള്‍ കാലംതെറ്റി പൂവിട്ടിരുന്നു.
അതേസമയം, വിഷു എത്തിയതോടെ നഗരത്തിലും ഗ്രാമങ്ങളിലും പടക്ക വിപണി സജീവമായി. കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതല്‍ പുതുമയോടെയാണു എത്തിയിരിക്കുന്നത്. കമ്പിത്തിരിക്ക് പുറമേ വിവിധ വര്‍ണങ്ങളില്‍ തീപ്പൊരി ചിതറുന്നതും പലവിധ പൂക്കള്‍ വിരിയുന്ന കമ്പിത്തിരികള്‍ ആകര്‍ഷണങ്ങളാണ്. വിഷു ചന്തകളും സജീവമാണ്.