ബത്തേരി സഹകരണ ബാങ്ക് നിയമന വിവാദത്തില്‍ തന്റെ പേരില്‍ വന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറിയും നിലവില്‍ കെ.പി.സി.സി. അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ കെ.ഇ. വിനയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കത്തിന്റെ ആധികാരികത പരിശോധികാതെ തന്റെ പേര് പരാമര്‍ശിച്ച് വാര്‍ത്തയാക്കിയ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കത്തിന്റെ ഉറവിടത്തെ കുറിച്ചറിയാന്‍ പോലീസില്‍ പരാതി നല്‍കുമെന്നും കെ.ഇ. വിനയന്‍ പറഞ്ഞു.
കത്ത് അയച്ച വ്യക്തി തന്നെ താന്‍ അയച്ചതല്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് കത്ത് വ്യാജമാണെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങള്‍ ഒന്നിന് പുറമെ ഒന്നായി സി.പി.എമ്മിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു കൊടുത്ത പലരുടെയും പേരുകള്‍ കത്തില്‍ പരാമര്‍ശിക്കാത്തിടത്തോളം കത്തിന്റെ ഉറവിടവും ഉദ്ദേശശുദ്ധിയും മനസിലാക്കാവുന്നതെയുള്ളു. രഹസ്യ കേന്ദ്രത്തില്‍ നിന്നും അച്ചടിച്ച് ചില മാധ്യമങ്ങളുടെ സഹകരണത്തോടെ വലിയ പ്രചാരണം അഴിച്ചു വിടുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് മനസിലാക്കണം. മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുമ്പോഴും അത്തരമൊരു കത്ത് കെ.പി.സി.സിക്ക് ലഭിച്ചിരുന്നില്ല.