തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 19 വരെ നീട്ടി. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാണ് ലോക്ഡൗണ്‍ നീട്ടിയത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റസ്റ്ററന്റുകള്‍, ബേക്കറി, വഴിയോര ഭക്ഷണശാലകള്‍ തുടങ്ങിയവ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. നേരത്തെ 8 മണിവരെ പ്രവര്‍ത്തിക്കുന്നതിനെ അനുവാദമുണ്ടായിരുന്നുള്ളൂ.
റസ്റ്ററന്റുകളിലും മറ്റു ഭക്ഷണശാലകളിലും 50% ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ. സ്‌കൂള്‍, കോളജ്, മദ്യശാലകള്‍, തിയറ്ററുകള്‍, മൃഗശാലകള്‍ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. പൊതുപരിപാടികള്‍ നടത്താനും അനുവാദമില്ല. വിവാഹങ്ങള്‍ക്ക് 50 പേര്‍ക്കും മരണാന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം. അന്തര്‍സംസ്ഥാന ബസ് സര്‍വീസ് പുനഃരാരംഭിച്ചില്ലെങ്കിലും പുതുച്ചേരിയിലേക്ക് മാത്രം സര്‍വീസ് നടത്തും.
കഴിഞ്ഞ ശനിയാഴ്ചയും നിരവധി ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍, രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നാലാം സ്ഥാനത്താണ് തമിഴ്‌നാട്. വെള്ളിയാഴ്ച, 3039 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 69 മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 25.13 ലക്ഷം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചത്.