കേരളത്തില്‍ ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന പുരുഷന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്ക്. ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ച് വയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി. കുടുംബങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ സ്ത്രീകള്‍ ഇപ്പോഴും പുറകിലാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. മുംബൈയിലെ ഇന്റര്‍നാഷണര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ദേശീയ കുടുംബാരോഗ്യ സര്‍വേ നടത്തിയത്.
ഭര്‍ത്താക്കന്‍മാരില്‍ നിന്ന് സ്ത്രീകള്‍ നേരിടുന്ന മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു സര്‍വേയിലെ ഒരു ചോദ്യം. തല്ലുന്നതിനെ ന്യായീകരിക്കുന്ന സ്ത്രീകള്‍ 52 ശതമാനമാണ്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന സര്‍വേയുമായി താരതമ്യം ചെയ്താല്‍ 17 ശതമാനം കുറവാണിത്. എന്നാല്‍, തല്ലിനെ ന്യായീകരിക്കുന്ന പുരുഷന്‍മാരുടെ എണ്ണം 4 ശതമാനം കൂടി 63 ശതമാനമായി. ഇക്കാര്യത്തില്‍ ഹിമാചല്‍പ്രദേശാണ് മെച്ചം. അവിടുത്തെ കണക്ക് 14 ശതമാനത്തില്‍ ഏതാണ്ട് തുല്യമായി നില്‍ക്കുകയാണ്. തെലങ്കാനയും ആന്ധ്രയുമാണ് രാജ്യത്ത് ഇക്കാര്യത്തില്‍ ഏറ്റവും മോശം.
തെലങ്കാനയില്‍ 83 ശതമാനം സ്ത്രീകള്‍ക്കും തല്ലിന് ന്യായം പറയാനുണ്ട്.കേരളത്തില്‍ പത്തില്‍ ഒരു സ്ത്രീ മാനസികമോ ശാരീരികമോ ആയ പീഡനം വീടുകളില്‍ നേരിടുന്നുണ്ട് എന്നും സര്‍വേയില്‍ പറയുന്നു. നഗരമേഖലകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. പക്ഷെ പ്രതികരിക്കാന്‍ തയ്യാറാകുന്ന സ്ത്രീകളുടെ എണ്ണം പാതി പോലുമില്ല. ആരോടും ഒന്നും പറയാതെ എല്ലാം സഹിക്കുന്നവരുടെ എണ്ണം 59 ശതമാനമാണ്. കഴിഞ്ഞ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. സഹായം തേടാന്‍ ഒരുങ്ങുന്നവരുടെ എണ്ണം കുറഞ്ഞ് 25 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. കേരളത്തിലെ കുടുംബങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് അഞ്ച് വര്‍ഷത്തിനിപ്പുറവും വലിയ മാറ്റമില്ല. ഒരു ശതമാനത്തിന്റെ മാത്രം വര്‍ധന മാത്രമാണ് ഈ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.