കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; യൂണിയനുകളുമായി മന്ത്രിതല സംഘത്തിന്റെ ചര്‍ച്ച ഇന്ന്

0

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ അംഗീകൃത യൂണിയനുകളുമായുള്ള മന്ത്രിതല സംഘത്തിന്റെ ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 9:30ക്ക് നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

ചര്‍ച്ചയില്‍ ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിലെ പ്രതിഷേധം യൂണിയനുകള്‍ അറിയിക്കും. പ്രതിസന്ധി മറികടക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനമാണ് യൂണിയനുകള്‍ മുന്നോട്ട് വെയ്ക്കുന്നത്.

അതേസമയം ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കേണ്ടതായുണ്ട്. ഇതിനായി 10 ദിവസം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10 നകം നല്‍കണം എന്ന് കോടതി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ശമ്പളം നല്‍കിയില്ലെങ്കില്‍ സിഎംഡിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!