മരം കൊള്ള ഗവണ്‍മെന്റ് പ്ലീഡറും ഡിഎഫ്ഒയും ചൂണ്ടിക്കാണിച്ചത് കളക്ടര്‍ അവഗണിച്ചു

0

കല്‍പ്പറ്റ-മുട്ടില്‍ സൗത്ത് വില്ലേജില്‍ നടന്ന വീട്ടിക്കൊള്ളയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകാതെ വയനാട്ടിലെ റവന്യൂ അധികൃതര്‍. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ  മറവില്‍  റവന്യൂ പട്ടയഭൂമിയിലെ ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തുന്നതിന് ശ്രമം നടക്കുന്നത് 2021 ജനുവരി ഒന്നിന് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.രഞ്ജിത്ത്കുമാര്‍  ഔദ്യോഗിക കത്തിലൂടെ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ ഈട്ടിമരങ്ങളുടെ സംരക്ഷണത്തിനു റവന്യൂ അധികാരികള്‍ നടപടി സ്വീകരിച്ചില്ല.

മരം മുറിയുമായി ബന്ധപ്പെട്ടു ഗവ.പ്ലീഡര്‍ നല്‍കിയ നിയമോപദേശവും റവന്യൂ അധികൃതര്‍ കണക്കിലെടുത്തില്ല.
1964ല കേരള ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കിയ  ഭൂമിയില്‍ ഉണ്ടായിരുന്നതും പട്ടയത്തില്‍ രേഖപ്പെടുത്തിയതുമായ രാജകീയമരങ്ങളുടെ വിവരം അടങ്ങിയ സ്റ്റേറ്റ്മെന്റ്  ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കണമെന്നു 1995ലെ കേരള ഫോറസ്റ്റ് റൂള്‍സിലെ  സെക്ഷന്‍ ആറ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നിരിക്കെ തെക്കേവയനാട് വനം ഡിവിഷന്‍ പരിധിയില്‍ പട്ടയത്തില്‍ രേഖപ്പെടുത്തി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ മരങ്ങളുടെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കണമെന്നും ഡി.എഫ്.ഒ കത്തിലൂടെ കലക്ടറോട് അഭ്യര്‍ഥിച്ചിരുന്നു. പട്ടയത്തില്‍ രേഖപ്പെടുത്തി മരങ്ങള്‍  കര്‍ഷകര്‍ നട്ടുവളര്‍ത്തിയതെന്ന വ്യാജേന 2020 ഒക്ടോബര്‍ 24ലെ ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്താന്‍ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ റവന്യൂ അധികാരികള്‍ ഗൗരവത്തിലെടുത്തില്ല.മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച ഈട്ടിരങ്ങള്‍ കടത്തുന്നതിനു അനുമതിക്കു 14 അപേക്ഷകള്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു മരങ്ങളുടെ ഉടമാവകാശത്തില്‍ വ്യക്തത വരുത്തുന്നതിനു 2020 ഡിസംബര്‍ 30നു വൈത്തിരി തഹസില്‍ദാര്‍ക്കു കത്തു നല്‍കി. ഇതിനു മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ 2021 ജനുവരി 29,30 തിയതികളില്‍ നല്‍കിയ കത്തുകളോടും തഹസില്‍ദാര്‍ പ്രതികരിച്ചില്ല. ഈ പശ്ചാത്തലത്തില്‍ മരങ്ങള്‍ കടത്തുന്നതിനുള്ള അപേക്ഷകള്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നിരസിച്ചു. ഇതേത്തുടര്‍ന്നു അപേക്ഷകര്‍ കടത്തുപാസിനു സൗത്ത് വയനാട് ഡി.എഫ്.ഒയെ സമീപിച്ചു. അപേക്ഷകള്‍ സ്വീകരിച്ച ഡി.എഫ്.ഒ മരങ്ങളുടെ ഉടമാവകാശത്തില്‍ വ്യക്തത വരുത്തുന്നതിനു 2021 ഫെബ്രുവരി മൂന്നിനു തഹസില്‍ദാര്‍ക്കു പുറമേ ജില്ലാ കലക്ടറുമായും ബന്ധപ്പെട്ടെങ്കിലും  സമയബന്ധിതമായി മറുപടി ലഭിച്ചിരുന്നില്ല. മരംമുറി വിവാദമായതിനെത്തുടര്‍ന്നു 2021 ഫെബ്രുരി രണ്ടിനു 2020 മാര്‍ച്ചിലെ സര്‍ക്കുലറും ഒക്ടോബറിലെ ഉത്തരവും സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. ഇതിനുശേഷം ഫെബ്രുവരി 17നാണ് ഡി.എഫ്.ഒയുടെ കത്തിനോടു റവന്യൂ അധികൃതര്‍ പ്രതികരിച്ചത്. അതിനിടെ, മുട്ടില്‍ സൗത്ത് വില്ലേജിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംകൊള്ളയുമായി ബന്ധപ്പെടുത്തി 2020 ഒക്ടോബര്‍ 24ലെ ഉത്തരവിറക്കിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കഴിയില്ലെന്നു നിയമരംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.  റവന്യൂ പട്ടയഭൂമിയിലെ വൃക്ഷവില അടച്ചതും പട്ടയം ലഭിച്ചതിനുശേഷം ഭൂമിയില്‍ സ്വയം കിളിര്‍ത്തതും നട്ടുപിടിപ്പിച്ചതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കാന്‍ കൈവശക്കാരനെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. പട്ടയം അനുവദിച്ചപ്പോള്‍ ഭൂമിയില്‍ ഉണ്ടായിരുന്ന റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നതായി ഉത്തരവില്‍ എവിടെയും ഇല്ല. റിസര്‍വ് മരങ്ങള്‍ക്കു വൃക്ഷവില അടയ്ക്കാനും കഴിയില്ല. പട്ടയം അനുവദിച്ചപ്പോള്‍ ഭൂമിയില്‍ ഉണ്ടായിരുന്നതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ഈട്ടിമരങ്ങള്‍ക്കാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ കോടാലി വീണത്. ഇതിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുള്ള മരംമുറിയായി കണക്കാക്കാന്‍ കഴിയില്ല. മുട്ടിലിലും മറ്റിടങ്ങളിലും നടന്നതു വീട്ടിക്കൊള്ളയാണ്. ഇതിന്റെ  ഉത്തരവാദിത്തം മരങ്ങള്‍ മുറിച്ചവര്‍ക്കു മാത്രമാണെന്നും നിയമരംഗത്തുള്ളവര്‍ പറയുന്നു. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്ത സാഹചര്യത്തില്‍  2020 മാര്‍ച്ചിലെ സര്‍ക്കുലറും ഒക്ടോബറിലെ ഉത്തരവും നിയമവിരുദ്ധമാണ്. ഇതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!