മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തിക്ക് താക്കോലും ഭസ്മവും നല്‍കും. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതിനുശേഷം ഭക്തര്‍ക്ക് പതിനെട്ടാംപടി കയറാം.
ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നുമണിക്ക് നിര്‍മാല്യത്തിനു ശേഷം തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളല്‍. തിരുവാഭരണ ഘോഷയാത്ര 12-ാം തിയതി പന്തളത്ത് നിന്ന് തുടങ്ങും. ജനുവരി 20ന് രാവിലെ ഏഴുമണിക്ക് നട അടയ്ക്കും.