വയനാട് ജില്ലയിൽ 3005 അതിദരിദ്ര കുടുംബങ്ങൾ

0

അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ  സമയബന്ധിതമായി പൂർത്തീകരിച്ച് വയനാട് ജില്ല. ജില്ലയിൽ 3005 അതിദരിദ്ര കുടുംബങ്ങളുള്ളതായാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ ഈ പ്രക്രിയയിലൂടെ കണ്ടെത്തിയത്. ജില്ലയിലെ മൊത്തം കുടുംബങ്ങളുടെ 1.5 % മാത്രമാണ് അതിദരിദ്രർ. ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ പനമരം ഗ്രാമ പഞ്ചായത്തിലാണ്- 219 കുടുംബങ്ങൾ. ഏറ്റവും കുറവ് കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ- 27 കുടുംബങ്ങൾ.

രണ്ട് സംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന ജില്ലയിലെ അതിദുർഘട പ്രദേശങ്ങളിലും വനാതിർത്തിയിൽ ആദിവാസി ഊരുകളിലുമുൾപ്പെടെ പ്രവർത്തനം സമയബന്ധിതമായി കൃത്യതയോടെ പൂർത്തീകരിച്ച് സംസ്ഥാനത്തിൽ തന്നെ വയനാട് ജില്ല മാതൃകയായി. പതിനയ്യായിരത്തോളം പേരുടെ പങ്കാളിത്തത്തോടെയാണ് പ്രക്രിയ പൂർത്തീകരിച്ചത്. പതിനൊന്നായിരത്തിലധികം പേർ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ 3696 കുടുബങ്ങളെ കണ്ടെത്തിയിരുന്നു. ഇവരുടെ എന്യൂമറേഷനും മേൽ പരിശോധനയും മൊബൈൽ ആപ്പ് വഴിയാണ് പൂർത്തീകരിച്ചത്. സാങ്കേതിക സഹായത്തിനായി ജില്ലാതലത്തിൽ രൂപീകരിക്കപ്പെട്ട ഹെൽപ് ഡെസ്ക് വഴിയാണ് മൊബൈൽ ആപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ കണ്ടെത്തിയ അതിദരിദ്രരുടെ ലിസ്റ്റ് പ്രീ എന്യൂമറേഷൻ, എന്യൂമറേഷൻ, മേൽ പരിശോധന എന്നീ ഘട്ടങ്ങളിലൂടെ പരിഷ്കരിച്ച്  3005 പേരുടെ പട്ടിക 7 ദിവസം പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇതിലുള്ള ആക്ഷേപങ്ങൾ ഗ്രാമസഭ മുഖേന പരിശോധിച്ച് തീർപ്പാക്കി ഗ്രാമസഭയുടെ അംഗീകാരം വാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതിയും ചേർന്നാണ് അന്തിമ പട്ടിക്ക് ക്ഷേത്രം അംഗീകാരം നൽകിയത്.

രാജ്യത്താദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സാധാരണ കണക്കെടുപ്പിനപ്പുറം സാമൂഹ്യ പങ്കാളിത്തത്തോടുകൂടി ഇത്തരം പ്രക്രിയ നടപ്പിലാക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരും  ശബ്ദമില്ലാത്തവരുമായി, പൊതു സമൂഹത്തിന്റെ ദൃഷ്ടിയിൽപ്പെടാതെ കഴിയുന്ന  അതിദരിദ്രരായ ജനതയെ കണ്ടെത്തുക ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നു. ആയിരക്കണക്കിന് പേർക്ക് പരിശീലനം നൽകി അവർ പങ്കാളികളായി നടന്ന പ്രവർത്തനമാണ് ജില്ലയിൽ നടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ അടക്കമുള്ള ജനപ്രതിനിധികൾ, സെക്രട്ടറിമാർ,  ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർമാർ, വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർമാർ, വാർഡ് തല ഓഫീസർമാർ, കില റിസോഴ്സ് മെമ്പർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ ഉൾപ്പെടെയുള്ള നിരവധി പേരുടെ ഒരേ മനസ്സോടെയുള്ള പ്രവർത്തനമാണ് വിജയം കണ്ടത്.

ഉള്ളലിയിക്കുന്ന ജീവിതാനുഭങ്ങളുടെ നേർക്കാഴ്ച കൂടിയായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ.   ഭക്ഷണ ലഭ്യത, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര അതിതീവ ഘടകങ്ങൾ ബാധകമാക്കുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കുന്ന രീതിയിലാണ് സൂചകങ്ങൾ നിശ്ചയിച്ചത്. അഗതി, ആശ്രയ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെ പാർശ്വവത്കരിക്കപ്പെട്ട അതിദരിദ്രരെയാണ് കണ്ടെത്തിയത്. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അതിദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

സമയബന്ധിതമായി അതിദാരിദ്ര നിർണ്ണയ പ്രക്രിയ പൂർത്തീകരിക്കുന്നതിനായി പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും  ജില്ലാതല നോഡൽ ഓഫീസർ പി.സി.മജീദ് അഭിനന്ദിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!