രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തില്‍ എത്തുമ്പോള്‍ കേരള ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകള്‍ കൂടി മന്ത്രിസഭയില്‍ എത്തുന്നത്. ഡോ. ബിന്ദു,വീണ ജോര്‍ജ് എന്നിവര്‍ സി.പി.എമ്മില്‍ നിന്നും ജെ. ചിഞ്ചുറാണി സി.പിഐ പ്രതിനിധിയായുമാണ് മന്ത്രിസഭയിലെത്തുന്നത്.പിളര്‍പ്പുണ്ടായി 64 വര്‍ഷത്തിനു ശേഷം സി.പി.ഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കെ.കെ.ശൈലജ ടീച്ചറും ജെ.മെഴ്‌സിക്കുട്ടിയമ്മയും ആണ് വനിതാ മന്ത്രിമാരായി ഉണ്ടായിരുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ എട്ടു വനിതകള്‍ മാത്രമാണ് മന്ത്രിമാരായിട്ടുള്ളത്. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തില്‍ എത്തുന്നതോടെ അത് 11 ആയി ഉയരും.അടുത്തിടെ അന്തരിച്ച കെ.ആര്‍ ഗൗരിയമ്മയാണ് സംസ്ഥാനത്ത് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ വനിത. അതും ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍. റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളാണ് ഗൗരിയമ്മ കൈകാര്യം ചെയ്തിരുന്നത്. 1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിക്ള്‍ഷന്‍ പ്രൊസീഡിങ്ങ്‌സ് ആക്റ്റ് (കുടിയൊഴിപ്പിക്കല്‍ നടപടിക്രമ നിയമം) നിയമസഭയില്‍ അവതരിപ്പിച്ചതും ഗൗരിയമ്മയായിരുന്നു. 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളിലും ഗൗരിയമ്മ മന്ത്രിയായി.
ഗൗരിയമ്മയ്ക്കു പിന്നാലെ 1982 ലാണ് മറ്റൊരു വനിത മന്ത്രിയാകുന്നത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ എം. കമലമായിരുന്നു ആ വനിത. 1982 -1987 കാലയളവില്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കമലം. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് ഇവര്‍ ജനതാ പാര്‍ട്ടിയിലെത്തി.ഗൗരിയമ്മയ്ക്കും എം കമലത്തിനും പിന്നാലെ 1991 ലാണ് മൂന്നാമതൊരു വനിതാ മന്ത്രി അധികാരത്തിലെത്തുന്നത്. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം ടി പത്മ . 1991 ലും 1995 ലും എം.ടി പത്മ മന്ത്രിസ്ഥാനത്തെത്തി. 1991 മുതല്‍ 1995 വരെ കരുണാകരന്‍ മന്ത്രി സഭയില്‍ ഫിഷറീസ് -ഗ്രാമ വികസന – രജിസ്‌ട്രേഷന്‍ വകുപ്പും. 1995 ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും ഫിഷറീസ് – രജിസ്‌ട്രേഷന്‍ വകുപ്പ് പത്മ കൈകാര്യം ചെയ്തു.