രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിച്ച് കെ കെ ശൈലജ. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നു. ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അത് നിര്‍വ്വഹിക്കും. കൊവിഡ് പ്രതിരോധം കൂട്ടുത്തരവാദിത്വമാണ്. തന്റെ ചുമതല കൃത്യമായി നിറവേറ്റിയെന്നും കെ കെ ശൈലജ പറഞ്ഞു.
പുതിയ ആളുകള്‍ കൂടുതല്‍ തിളക്കത്തോടെ പ്രവര്‍ത്തിക്കും. വിവാദങ്ങളുടെ ആവശ്യമില്ലെന്നും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നൂറ് നന്ദിയുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കെ കെ ശൈലജ നടത്തിയത്. ആഗോളതലത്തില്‍ നേടിയ സല്‍പ്പേരും മട്ടന്നൂര്‍ മണ്ഡലത്തിലെ വലിയ വിജയവും പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു. മാത്രമല്ല കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കെ കെ ശൈലജ തുടരും എന്ന് അണികള്‍ പോലും കരുതിയിരുന്നു.