സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഉടനെ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. 15% മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റുള്ള ജില്ലകളില്‍ ലോക് ഡൗണ്‍ എന്ന കേന്ദ്ര നിര്‍ദേശം തല്ക്കാലം നടപ്പാക്കേണ്ട എന്നാണ് കേരളത്തിന്റെ നിലപാട്.നിലവില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മിനി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്.രോഗവ്യാപനം അതിതീവ്രമായ സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ക് ഡൗണ്‍ അടക്കം നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി കൊടുക്കാനും സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്.
സംസ്ഥാനത്തെ വാക്‌സിനേഷന്‍ പദ്ധതിക്കായി ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി.70 ലക്ഷം ഡോസ് കൊവിഷില്‍ഡ് വാക്‌സിനും മുപ്പത് ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.കൂടുതല്‍ വാക്‌സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ സംസ്ഥാനം വേഗത്തിലാക്കിയത്.മെയ് മാസത്തില്‍ തന്നെ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തില്‍ എത്തിക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സര്‍ക്കാരിന് ഉറപ്പ് നല്‍കിയെന്നാണ് സൂചന. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ സൗജന്യവാക്‌സിന്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദവും സംസ്ഥാനം തുടരും.അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായെങ്കിലും സംസ്ഥാനത്ത് ഒരു ലോക്ക് ഡൗണ്‍ ഉടനെ വേണ്ട എന്ന ധാരണയിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം എത്തിയത്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും വൈകിട്ടോടെ കടകള്‍ എല്ലാം അടയ്ക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ എന്ന സാധ്യത പരിശോധിച്ചാല്‍ മതിയെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ ധാരണ.ഇതോടെ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരും വരെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനതലത്തില്‍ ഉണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായി. അടുത്ത സര്‍ക്കാരാവും ലോക്ക് ഡൗണ്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇനി തീരുമാനമെടുക്കുക.