ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ നാല് വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥികളുടെ എണ്ണം പത്തിരട്ടിയോളം വര്‍ധിച്ചു. അണ്‍ എയിഡഡ് സ്ഥാപനങ്ങളുമായുള്ള താരതമ്യത്തില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ നാല് അധ്യയന വര്‍ഷങ്ങളാണ് പിന്നിടുന്നത്. 2016 മുല്‍ 2020 വരെ 34935 വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയത്തില്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രം 17947 കുട്ടികള്‍ പ്രവേശനം നേടി. എയിഡഡ് വിദ്യാലയങ്ങളില്‍ 16988 കുട്ടികളാണ് എത്തിയത്. ഇതേ സാഹചര്യത്തില്‍ അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ 3493 കുട്ടികള്‍ മാത്രമാണ് നാല് വര്‍ഷക്കാലയളവില്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം തേടിയത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിച്ചതോടെയാണ് കുട്ടികളുടെ ഒഴുക്ക് തുടങ്ങിയത്. 2016-17 അധ്യയന വര്‍ഷം 4331 കുട്ടികളാണ് സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശനം നേടിയതെങ്കില്‍ 2019-20 വര്‍ഷത്തില്‍ 4598 കുട്ടികള്‍ പ്രവേശനം നേടി. മികവുറ്റ ക്ലാസ്സ് മുറികളും പഠനാന്തരീക്ഷവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിച്ചു. മറ്റ് ക്ലാസ്സുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വര്‍ധനവുണ്ട്. നാലാം തരത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും ഉള്‍പ്പടെ പതിനായിരത്തിലധികം കുട്ടികള്‍ നാല് വര്‍ഷത്തിനുള്ളില്‍ പ്രവേശനം നേടിയിട്ടുണ്ട്.
ഇവിടെ എല്ലാം ഹൈടെക്കാണ്
കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹൈടെക് ജില്ലയായി വയനാട് മാറി. ജില്ലയിലെ 418 വിദ്യാലയങ്ങളാണ് അത്യാധുനിക ലാബുകളോടെ ഹൈടെക് പദവിയില്‍ എത്തിയത്. പ്രാഥമികതലം മുതല്‍ ഉന്നതപഠനം വരെയുള്ള വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ സൗകര്യങ്ങളാണ് ജില്ലയിലേക്ക് ചുരം കയറിയെത്തിയത്. സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, കളിമൈതാനങ്ങള്‍, ശുചിമുറികള്‍ എന്നിങ്ങനെ ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണ് പൊതു പാഠശാലകള്‍. സമ്പൂര്‍ണ്ണ ഹൈടെക് ജില്ലയായി വയനാട് മാറി. 418 വിദ്യാലയങ്ങളിലാണ് ഹൈടെക് ക്ലാസ്സ് മുറികള്‍ ഒരുക്കിയത്. 11,568 ഐ.ടി.ഉപകരണങ്ങള്‍ സജ്ജമായി. മികവിന്റെ കേന്ദങ്ങളായി നാല് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു. 74 കോടി രൂപ ചെലവില്‍ ആധുനിക കെട്ടിടങ്ങള്‍ ഒരുങ്ങി. ജില്ലയിലെ 17 വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ട. 316 വിദ്യാലയങ്ങളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കി.
74 ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകള്‍ 4161 അംഗങ്ങളുമായി മുന്നേറുന്നു. 4996 അധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനം നല്‍കി.
കോവിഡ് കാലത്തും ഉണര്‍ന്ന പാഠശാലകള്‍
കോവിഡ് മഹാമാരി വിദ്യാലയങ്ങളുടെ വാതിലുകള്‍ അടച്ചപ്പോള്‍ ജില്ലയില്‍ ഓണ്‍ലൈന്‍ ബദല്‍ പാഠശാലകള്‍ ഉണര്‍ന്നു. ജില്ലയിലെ ആയിരത്തിലധികം ഓണ്‍ലൈന്‍ പാഠശാലകളാണ് ഇതിന്റെ ഭാഗമായി തുറന്നത്. ആദിവാസികോളനികളില്‍ സാമൂഹ്യ പഠനമുറികളും ഇതിന്റെ ഭാഗമായി തയ്യാറാക്കി. സന്നദ്ധ പ്രവര്‍ത്തകരുമായി കൈകോര്‍ത്ത് ടെലിവിഷന്‍ അടക്കുള്ള സൗകര്യങ്ങള്‍ ഇവിടെയെല്ലാം ഒരുക്കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ അദ്ധ്യപാകരുടെ സേവനവും ലഭ്യമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ അടച്ചതോടെ വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകളും ലഭ്യമാക്കിയിരുന്നു. ജില്ലയിലെ 307 വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് 171867 ഭക്ഷ്യ കിറ്റുകളാണ് രണ്ടുഘട്ടങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. പാഠ പുസ്തകങ്ങളും അദ്ധ്യയന വര്‍ഷ തുടക്കത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയിരുന്നു.