ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

0

 

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.സംസ്ഥാനത്തെ ക്യാന്‍സര്‍ സെന്ററുകള്‍, മെഡിക്കല്‍ കോളേജുകള്‍,ഐക്കണ്‍സ്,ഇംഹാന്‍സ്, ആരോഗ്യ സര്‍വകലാശാല എന്നിവിടങ്ങളില്‍ പരസ്പര സഹകരണത്തോടെ ഗവേഷണം ശക്തമാക്കും.നിലവിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ഒരു മാസത്തിനകം രൂപരേഖ തയ്യാറാക്കും. സംസ്ഥാനത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പൊതുജനാരോഗ്യ സംവിധാനത്തിന് ഗുണകരമാകും വിധം പ്രൊഫഷണലുകളുടെ വൈദഗ്ധ്യം മെച്ചപ്പടുത്തുക, മെഡിക്കല്‍ ഉപകരണങ്ങള്‍ ഇവിടെത്തന്നെ വികസിപ്പിച്ചെടുക്കുക, മരുന്നുകള്‍ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെയാണ് ഗവേഷണം ശക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സംസ്ഥാനം ഗവേഷണത്തിന് വളരെയേറെ പ്രധാന്യമാണ് നല്‍കുന്നത്. കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോള്‍ പലതരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പുതിയ രോഗങ്ങള്‍ വരുമ്പോള്‍ അത് ഫലപ്രദമായി നേരിടുന്നതിന് ഗവേഷണം അനിവാര്യമാണ്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവേഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രധാന ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഗവേഷണം ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കൂ. ഇതിനോടനുബന്ധമായി ഗവേഷണ പരിശീലനങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. പിപി പ്രീത, ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍, ആര്‍സിസി, എംസിസി, സിസിആര്‍സി മേധാവികള്‍, ഐക്കണ്‍സ്, ഐഐഡി, ഇംഹാന്‍സ് ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജുകള്‍, പ്രമുഖ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!