നാല്‍പത്തിയെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് നല്‍കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ബൈപാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
1972 ലാണ് ആലപ്പുഴ ബൈപാസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പല തവണ നിര്‍മാണം തുടങ്ങുകയും മുടങ്ങുകയും ചെയ്തു. ഏറ്റവും ഒടുവില്‍ 48 വര്‍ഷങ്ങള്‍ക്കിപ്പുറം ബൈപാസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതിനായി പ്രയത്‌നിച്ച കരങ്ങള്‍ നിരവധിയാണ്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേല്‍പാലം എന്ന പ്രത്യേകത കൂടി ആലപ്പുഴ ബൈപാസിലെ മേല്‍പാലത്തിനുണ്ട്. പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള ചരിതാര്‍ത്ഥ്യത്തിലാണ് മന്ത്രി ജി. സുധാകരന്‍
344 കോടിയാണ് ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി മുടക്കി. ഇതിന് പുറമേ മേല്‍പാലത്തിനായി റെയില്‍വേയ്ക്ക് ഏഴ് കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനം അധികമായും ചെലവഴിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ബൈപാസിന്റെ പൈലിംഗ് അടക്കമുള്ള ജോലികള്‍ തുടങ്ങിയതെങ്കിലും ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുന്നത് വികസന നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് ഇടതു സര്‍ക്കാര്‍.