ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്പ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ 28 ആം വാര്‍ഷികവും ആദിവാസി ഗ്രാമോത്സവവും ഈ മാസം 10,11,12 തീയതികളില്‍ ഏച്ചോം, തുടി നാട്ടറിവ് പഠനകേന്ദ്രത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 9 ന് വൈകുന്നേരം നാലു മണിക്ക് ആദിവാസി മൂപ്പന്മാരുടെ നേതൃത്വത്തില്‍ നായാടിപൊയില്‍ ഊരില്‍ വച്ച് നടക്കുന്ന കൊടിയേറ്റോടുകൂടി ഗ്രാമോത്സവത്തിന് തുടക്കമാകും.
പത്താം തീയതി കുട്ടികള്‍ക്കായുള്ള കലാകായിക മത്സരങ്ങളും, പതിനൊന്നാം തീയതി ‘വ്യക്തിത്വ ശാക്തീകരണം തിരിച്ചറിവിലൂടെ’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. ഞായറാഴ്ച്ച പണിയ വിഭാഗക്കാരുടെ തനത് കലാരൂപമായ വട്ടക്കളി മത്സരം സംഘടിപ്പിക്കും. ഈ മത്സരത്തില്‍ പങ്കെടുത്ത് വിജയികളാവുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. പന്ത്രണ്ടാം തീയതി വൈകിട്ട് മൂന്ന് മണിക്ക് ഏച്ചോത്ത് നിന്നും ആരംഭിക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര തുടിയില്‍ എത്തുന്നതോടുകൂടി സാംസ്‌കാരിക സമ്മേളനം ആരംഭിക്കും. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് വിവിധ ഊരുകളില്‍ നിന്നും എത്തുന്ന കുട്ടികളുടെ കലാവിരുന്നും, കലാസംഘത്തിന്റെ ഗാനമേളയോടും കൂടി ഈ വര്‍ഷത്തെ ഗ്രാമോത്സവ ത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് വിരാമം കുറിക്കും. കണ്‍വീനര്‍ പ്രീത കെ വെളിയന്‍, തുടി ഡയറക്ടര്‍ ഫാ. ജേക്കബ് കുമ്മിണിയില്‍, രാജേഷ് അഞ്ചിലന്‍, സോണാ ജാസ്മിന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.