ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ച് ആറന്മുളയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഇന്ന് വൈകിട്ടാണ് സന്നിധാനത്ത് എത്തിച്ചേരുക.
തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്കഅങ്കി ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും. ശേഷം 6.30നാണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന. രാത്രി 8.30 ന് അത്താഴപൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി 9ന് നട അടയ്ക്കും. നാളെ രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. തുടർന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലപൂജാ ഉത്സവത്തിനും സമാപനമാകും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക.