ബജറ്റില്‍ ആതുര സേവനത്തിനും ഭവന നിര്‍മ്മാണത്തിനും മുന്‍ഗണന
ആതുര സേവനത്തിനും ഭവന നിര്‍മ്മാണത്തിനും മുന്‍ഗണന നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്. 106 കോടിയോളം വരവും 105 കോടിയോളം ചിലവും 35 ലക്ഷത്തില്‍ പരം നീക്കി ബാക്കിയുമ്മുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി അവതരിപ്പിച്ചത്.ആതുര സേവനത്തിന് 132 ലക്ഷം രൂപയും ഭവന നിര്‍മ്മാണത്തിന് 214. 23 ലക്ഷം രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി.പാര്‍പ്പിടം, കൃഷി, ആരോഗ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, വയോജനങ്ങളുടെയും ഭിന്നശേഷിയുള്ളവരുടെയും ക്ഷേമം, വനിതാ ക്ഷേമം, തൊഴില്‍ പരിശീലനം തുടങ്ങി എല്ലാ മേഖലകളെയും പരിഗണിച്ചു കൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്.
ആകെ വരവ് 106,0114367 രൂപയുംആകെ ചെലവ് 105, 6558506 രൂപയും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പാര്‍പ്പിട മേഖലയില്‍ സുരക്ഷിതവും മാന്യവുമായ ഭവനങ്ങള്‍ ഉറപ്പ് വരുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി മികച്ച ഇടപെടലാണ് നടത്തിയത്. പി എം എ വൈ മുഖേനയുള്ള ഭവന പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്.എടവക പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി ലഭിച്ച 4 ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മാരകമായി ഈ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അറിയപ്പെടും. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടായിരുന്ന പി കെ കാളേട്ടന്റെ സ്മൃതി ദിനം സമുചിതമായി ആചരിക്കും. വായന ശാലകളെ വിവര സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച് ഡിജിറ്റല്‍ ലൈബ്രറി സംവിധാനം ഒരുക്കും .ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന തിരുനെല്ലി , വെള്ളമുണ്ട , തൊണ്ടര്‍നാട് , എടവക , തവിഞ്ഞാല്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനങ്ങളുടെ ക്ഷേമവും പാര്‍ശ്വവത്കരിക്കപെട്ടവരുടെ ഉന്നമനവുമാണ് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി വ്യക്തമാക്കി . ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ വയോ സേവപുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തില്‍ കേക്ക് മുറിച്ച് പങ്കിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുധിരാധാകൃഷ്ണന്‍ , എച്ച് ബി പ്രദീപ് മാസ്റ്റര്‍ ,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി വിജോള്‍, പി കല്യാണി, ജോയ്‌സി ഷാജു, മെമ്പര്‍മാരായ പി ചന്ദ്രന്‍ ,പി കെ ആമീന്‍ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.