കര്‍ഷകന്റെ വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടാകാന്‍ പോകുന്നു; വീണ്ടും കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി

0

കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ നേരിടുന്ന തടസങ്ങള്‍ നീക്കാനാണ് കര്‍ഷക നിയമമെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയ വിപണി ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലെന്നും പ്രധാനമന്ത്രി. രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിച്ചെന്നും സാമ്പത്തിക സൂചകങ്ങള്‍ പ്രതീക്ഷ നല്‍കുന്നെന്നും മോദി അവകാശപ്പെട്ടു.

കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെട്ടാലേ രാജ്യത്ത് പുരോഗതിയുണ്ടാകൂ എന്ന് സര്‍ക്കാരിന് അറിയാമെന്നും ഓരോ കര്‍ഷകന്റെയും വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടാകാന്‍ പോകുകയാണെന്നും മോദി. ആത്മനിര്‍ഭര്‍ ഭാരത് ആണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫിക്കി സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കാര്‍ഷിക നിയമത്തെ ന്യായീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം.

അതേസമയം കര്‍ഷക പ്രക്ഷോഭത്തില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം തള്ളി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. നിരോധിത സംഘടനകളിലെ ആരെയും പ്രക്ഷോഭ സ്ഥലത്ത് കണ്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. ദേശവിരുദ്ധ ശക്തികള്‍ കര്‍ഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ രവിശങ്കര്‍ പ്രസാദ് അടക്കം കേന്ദ്രമന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ആരോപണം കര്‍ഷക സംഘടനകള്‍ തള്ളി. നിരോധിക്കപ്പെട്ട സംഘടനകളില്‍പ്പെട്ടവരെ പ്രക്ഷോഭ സ്ഥലത്ത് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരെ പിടികൂടണം. അത്തരത്തില്‍പ്പെട്ടവരെ ഇതുവരെ സമരസ്ഥലത്ത് കണ്ടിട്ടില്ലെന്നും രാകേഷ് ടിക്കായത്ത്.

രാജസ്ഥാനില്‍ നിന്നും ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ അടക്കം കേന്ദ്രസേനയുടെയും പൊലീസിന്റെയും വിന്യാസം വര്‍ധിപ്പിച്ചു. കര്‍ണാല്‍ ദേശീയപാതയിലെ ബസ്താര ടോള്‍ പ്ലാസ കര്‍ഷകര്‍ അടച്ചുപൂട്ടി. അംബാല ശംഭു അതിര്‍ത്തിയിലെ ടോള്‍ പ്ലാസ പിടിച്ചെടുത്തു ജനങ്ങള്‍ക്ക് സൗജന്യയാത്രയ്ക്ക് തുറന്നു കൊടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!