‘ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയ പിള്ള’; സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന്‍ പിള്ള വിടവാങ്ങി

0

സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ് അയ്യപ്പന്‍ പിള്ള. 1948ല്‍ തിരുവിതാംകൂറിലെ ആദ്യതിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിക്കപ്പെട്ട അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭാ മുന്‍ കൗണ്‍സിലറാണ്. അറിയപ്പെടുന്ന അഭിഭാഷകനും. ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ഇദ്ദേഹം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമാണ് അദ്ദേഹം.

പിന്നാമ്പുറം…

ഇന്ത്യന്‍ കോഫി ഹൗസ് ജന്മം കൊള്ളുന്നതിന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സഹകരണ രംഗത്ത് ഒരു ചായക്കട രൂപം കൊണ്ടിട്ടുണ്ട്. എകെജിയായിരുന്നു ഇന്ത്യന്‍ കോഫി ഹൗസിന് പിന്നിലെങ്കില്‍ അതിന് മുമ്പ് അത് നടത്തിയത് കെ അയ്യപ്പന്‍പിള്ളയായിരുന്നു. തിരുവനന്തപുരത്ത്. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് തുടങ്ങിയതായിരുന്നു ആ ചായക്കട. അതിന്റെ പിന്നണിയിലും കെ അയ്യപ്പന്‍പിള്ളയുണ്ടായിരുന്നു.

കുറച്ചു കാലം മുമ്പ് മാധ്യമ പ്രവര്‍ത്തകനും ചരിത്രകാരനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണനായിരുന്നു ആ സഹകരണ ചായക്കടയുടെ കഥ മലയാളികളോട് പറഞ്ഞത്. തിരുവിതാംകൂര്‍ ചരിത്രത്തില്‍ അയ്യപ്പന്‍പിള്ള ഏറെ സംഭാവനകളും സമര പോരാട്ട ചരിത്രവും നല്‍കി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും തിരുവനന്തപുരത്ത് ഒരു ശതകത്തിന് അപ്പുറം നിറഞ്ഞ ചരിത്ര പുരുഷനായിരുന്നു അയ്യപ്പന്‍പിള്ള. ചിട്ടയായ ജീവിതത്തിലൂടെ മലയാളിയെ വിസ്മയിപ്പിച്ചാണ് 107-ാം വയസ്സിലെ അയ്യപ്പന്‍പിള്ളയുടെ മടക്കം.

നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ് സഹകരണ ചായക്കട തുടങ്ങാനുള്ള ആശയം ആയ്യപ്പന്‍പിള്ളയുടെ മുമ്പിലേക്ക് വന്നത്. സെക്രട്ടേറിയേറ്റിനു സമീപം ഇന്നത്തെ ഏജീസ് ഓഫീസിനകത്തായി ഓടിട്ട ഒരു മനോഹര കെട്ടിടം. അതാണ് തിരുവിതാംകൂറിലെ ആദ്യത്തെ ലോ കോളേജ്. അവിടെയാണ് അയ്യപ്പന്‍ പിള്ള പഠിച്ചത്. ലോ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ഉമാ മഹേശ്വരന്റെ യാത്രയയപ്പാണ് സഹകരണ മേഖലയിലെ ചായക്കട എന്ന ആശയത്തിലേക്ക് വഴി തുറന്നതെന്നായിരുന്നു അയ്യപ്പന്‍പിള്ളയെ ഉദ്ദരിച്ച് നേരത്തെ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എഴുതിയത്.

ആ കഥ ഇങ്ങനെ: പ്രൊഫസറുടെ യാത്രയയപ്പു വേളയില്‍ ചായ സല്‍ക്കാരം നടത്താനുള്ള ചുമതല അയ്യപ്പന്‍ പിള്ളക്കും തിരുവനന്തപുത്തുള്ള മറ്റ് ചില കൂട്ടുകാര്‍ക്കുമായിരുന്നു. കൊതിയൂറുന്ന പലഹാരങ്ങളാണ് അന്ന് അവര്‍ യാത്രയയപ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത്. കരിക്കിന്റെ ഐസ്‌ക്രീമും കേരള സലാഡും ഉള്‍പ്പെട്ട വിഭവങ്ങളെല്ലാം എല്ലാവര്‍ക്കും നന്നേ പിടിച്ചു. ഈ പലഹാരങ്ങള്‍ക്ക് പിന്നീട് കൂടുതല്‍ ആവശ്യക്കാരുണ്ടായി. ഇതിന്റെ ആവേശമുള്‍ക്കൊണ്ടാണ് സഹകരണാടിസ്ഥാനത്തില്‍ ഒരു ചായക്കട തുടങ്ങാനുള്ള ആലോചനയുമായി അയ്യപ്പന്‍ പിള്ളയും സംഘവും മുന്നോട്ടു വന്നത്.

മ്യൂസിയം വളപ്പില്‍ ചായക്കട തുടങ്ങിയാല്‍ നല്ല കച്ചവടം കിട്ടുമെന്ന് കൂട്ടുകാര്‍ നിര്‍ദേശിച്ചു. പക്ഷേ, അതിന് അധികൃതരുടെ അനുവാദം കിട്ടണം. ഉന്നത തലത്തില്‍ പിടിപാടുണ്ടെങ്കിലേ അനുമതി നേടിയെടുക്കാനാവൂ. സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ശ്രമിച്ച ആളാണ് ദിവാന്‍ സര്‍. സി. പി. എങ്കിലും, ചെറുപ്പക്കാരുടെ സംരംഭങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പല ആവശ്യങ്ങള്‍ക്കുമായി മുമ്പ് സി. പി.ക്കു മുമ്പില്‍ അയ്യപ്പന്‍പിള്ള പോയിട്ടുമുണ്ട്.

ഇന്നത്തെ ആകാശവാണി സ്ഥിതി ചെയ്യുന്ന ഭക്തി വിലാസത്തിലായിരുന്നു സി. പി. യുടെ ഔദ്യോഗിക വസതി. അയ്യപ്പന്‍ പിള്ളയും കൂട്ടരും അവിടെച്ചെന്ന് സി. പി. യെ കാണാന്‍ തീരുമാനിച്ചു. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ തുടങ്ങുന്ന ബിസിനസ് സംരംഭത്തിന് സി.പി. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മടിച്ചു മടിച്ചാണ് മ്യൂസിയം വളപ്പിലെ സ്ഥലത്തെപ്പറ്റി അവര്‍ സി.പി.യോട് പറഞ്ഞത്. നുവദിക്കില്ലെന്നായിരുന്നു അവരുടെ ശങ്ക. പക്ഷേ, ദിവാന്‍ ഒരു തടസ്സവും പറഞ്ഞില്ല. അപ്പോള്‍ത്തന്നെ പ്രൈവറ്റ് സെക്രട്ടറി ചിദംബരത്തെ വിളിച്ചുവരുത്തി മ്യൂസിയം വളപ്പില്‍ ഒരു സംഘം ചെറുപ്പക്കാര്‍ ചായക്കട തുടങ്ങാന്‍ പോകുന്ന കാര്യം അറിയിച്ചു. അതിനാവശ്യമായ കെട്ടിടം അനുവദിക്കാനുള്ള ഏര്‍പ്പാട് ചെയ്തുകൊടുക്കാനും നിര്‍ദേശിച്ചു.

>ഇപ്പോഴത്തെ സ്നേക്ക് പാര്‍ക്കിന് സമീപത്തായി ഉണ്ടായിരുന്ന മുറികളാണ് സഹകരണ ചായക്കടക്ക് അനുവദിച്ചത്്. അവിടെ അടുക്കള പുതുതായി പണിതു. മേശയും ബഞ്ചും പുതിയത് വാങ്ങി. ഒരുക്കങ്ങള്‍ വളരെവേഗം പൂര്‍ത്തിയാക്കി. സഹകരണ ചായക്കടയുടെ ഉദ്ഘാടനം ദിവാന്‍ തന്നെയാണ് നിര്‍വഹിച്ചത്. വ്യത്യസ്ത വിഭവങ്ങള്‍ നല്‍കിയിരുന്നതുകൊണ്ട് കടയില്‍ എപ്പോഴും തിരക്കായിരുന്നു. ആകാശവാണി ഡയരക്ടര്‍ മാധവന്‍നായര്‍ ( മാലി ), തിരുവനന്തപുരം മേയര്‍ ഗോവിന്ദന്‍കുട്ടിനായര്‍, പാര്‍ലമെന്റ് അംഗം വി.പി. നായര്‍ തുടങ്ങി ധാരാളം പേര്‍ ചായക്കടക്ക് സര്‍വ പിന്തുണയും നല്‍കിയിരുന്നു. അവരൊക്കെ അവിടത്തെ പതിവുകാരുമായിരുന്നു. 1958 വരെ ചായക്കട പ്രവര്‍ത്തിച്ചു.

തിരുവിതാംകൂറിന്റെ തന്നെ ഗതകാല ചരിത്രം നന്നായി അറിയുന്ന ആളായിരുന്നു് അഡ്വ. കെ. അയ്യപ്പന്‍ പിള്ള. തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പഴയ കാര്യങ്ങളറിയാന്‍ പിള്ളയെയാണ് എപ്പോഴും ആശ്രയിച്ചിരുന്നത്. ഗാന്ധിയനായ അയ്യപ്പന്‍പിള്ള ഗാന്ധിജിയെക്കാണാനും അദ്ദേഹത്തോട് സംസാരിക്കാനും ഭാഗ്യം കിട്ടിയിട്ടുള്ള സ്വതന്ത്ര്യ സമരസേനാനിയാണ്. ദീര്‍ഘകാലം തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സെക്രട്ടറിയും കുറച്ചുകാലം ചീഫ് സെക്രട്ടറിയുമായിരുന്ന ഏ. കുമാരപിള്ളയുടെ മകനായ അയ്യപ്പന്‍പിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഗാന്ധിജിയാണ്.

ബിരുദമെടുത്ത ശേഷം സര്‍ക്കാര്‍ ജോലിക്ക് പോകാന്‍ അയ്യപ്പന്‍പിള്ള തയ്യാറെടുക്കുമ്പോഴാണ് ഹരിജനോദ്ധാരണ ഫണ്ട് പിരിക്കാന്‍ 1934-ല്‍ ഗാന്ധിജി തിരുവനന്തപുരത്ത് വന്നത്. ഗാന്ധിഭക്തനായിരുന്ന അയ്യപ്പന്‍പിള്ള ഗാന്ധിജിയുടെ സ്വീകരണച്ചടങ്ങിന്റെ ഭാരവാഹിയായി. പുത്തന്‍ കച്ചേരി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചുകയറ്റിയത് പിള്ളയായിരുന്നു. അയ്യപ്പന്‍ പിള്ളയുടെ അച്ചടക്കബോധവും വിനയവും ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടു. എന്തു ചെയ്യുന്നു എന്ന് ഗാന്ധിജി ചോദിച്ചു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുകയാണെന്നായിരുന്നു പിള്ളയുടെ മറുപടി. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ സര്‍ക്കാന്‍ ജോലിക്കു പോകാതെ സേവനം നാടിനുവേണ്ടി ഉപയോഗിക്കണമെന്ന് ഗാന്ധിജി ഉപദേശിച്ചു. അതോടെ, വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അയ്യപ്പന്‍പിള്ള പൊതു പ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു.

വക്കീല്‍പ്പരീക്ഷക്ക് പഠിക്കുന്നതോടൊപ്പം പൊതുരംഗത്ത് അദ്ദേഹം സജീവമായി. 1938-ല്‍ തിതുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രുപവത്കരിച്ചപ്പോള്‍ അയ്യപ്പന്‍പിള്ള അതിന്റെ പ്രവര്‍ത്തകനായി. 1940ല്‍ അയ്യപ്പന്‍പിള്ള തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തു. അടുത്ത വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി. അങ്ങനെ പതിറ്റാണ്ടുകള്‍ നീണ്ട പൊതുപ്രവര്‍ത്തനം.

 

Leave A Reply

Your email address will not be published.

error: Content is protected !!