കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച; കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്

0

സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ അടുത്ത ദിവസം തന്നെ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടില്‍ കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗു വില്‍ കര്‍ഷക നേതാക്കള്‍ രാവിലെ പതിനൊന്നിന് യോഗം ചേരും. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനമാണ് കര്‍ഷക പ്രക്ഷോഭത്തിന് അനുവദി ച്ചിരിക്കുന്നത്.

കര്‍ണാല്‍ ദേശീയപാത പൂര്‍ണമായും സ്തംഭിപ്പിച്ചു കൊണ്ടാണ് കര്‍ഷക സമരം തുടരുന്നത്. ഡല്‍ഹി ചലോ പ്രക്ഷോഭത്തിനെത്തിയ കര്‍ഷകരെ ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞതോടെ, സിംഗുവില്‍ തന്നെ പ്രക്ഷോഭം തുടരാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

രണ്ട് ദിവസമായി ഈ മേഖലയിലെ ഗതാഗതം പൂര്‍ണമായും നിലച്ചു. ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഇന്നലെയും ആവര്‍ത്തിച്ചു. കര്‍ഷക സമരത്തെ രാഷ്ട്രീയ കളിക്ക് ഉപയോഗിക്കരുതെന്നും ആവശ്യ പ്പെട്ടു. ഇതിനിടെയാണ്, സമവായ ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപാധി വച്ചത്.

സര്‍ക്കാര്‍ അനുമതി നല്‍കിയ ഇടത്തേക്ക് ഉടന്‍ സമരം മാറ്റിയാല്‍ അടുത്ത ദിവസം തന്നെ ചര്‍ച്ചയാകാം. കര്‍ഷകര്‍ ദേശീയപാതയില്‍ കൊടും തണുപ്പില്‍ കഴിയുന്നതും അമിത് ഷാ ചൂണ്ടിക്കാട്ടി. നിലവില്‍ ഡിസംബര്‍ മൂന്നിനാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. അമിത് ഷായുടെ നിലപാടിനോട് കര്‍ഷക സംഘടനകള്‍ ഇന്ന് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!