തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 24 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദ്ദമാകാനും തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ബുധനാഴ്ച്ചയോടെ തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. തെക്കന്‍ തമിഴ്‌നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലി പ്രവേശിച്ചേക്കുമെന്നാണ്
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തെക്കന്‍ കേരളത്തിലായിരിക്കും മഴ കനക്കുക. ചൊവ്വാഴ്ച്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.
അതേസമയം ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റായാല്‍ മാലിദ്വീപ് നിര്‍ദ്ദേശിച്ച ബുറേവി എന്ന പേരാകും നല്‍കുക. കാലാവസ്ഥ വ്യതിയാനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിരീക്ഷിച്ച് വരികയാണ്.