സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിക്കലും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 4 ന് നടക്കുമെന്ന് സബ് കളക്ടറും എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ആര്‍. ശ്രീലക്ഷ്മി കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേവസ്വം-പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍ ഊര് പദ്ധതി നാടിനായി സമര്‍പ്പിക്കും. പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും.
മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉത്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള ‘മഴക്കാഴ്ച’ ജൂണ്‍ 4, 5 തീയതികളില്‍ ഇതോടൊപ്പം നടക്കും. മഴക്കാഴ്ച എക്സിബിഷന്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബല്‍ കഫ്റ്റീരിയ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദര്‍ശനം, മഴക്കാല ഗോത്ര പുരാതന കാര്‍ഷിക വിള, ഉപകരണ പ്രദര്‍ശനം, മഴക്കാല ഗോത്ര മരുന്നുകള്‍, ഗോത്ര തനത് ആവിക്കുളി, പി ആര്‍.ഡിയുടെ ഗോത്ര ഫോട്ടോഗ്രഫി പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
എന്‍ ഊര് സ്ഥാപക അംഗങ്ങളായ ഊരുമൂപ്പന്‍മാരെ ആദരിക്കലും ജില്ലാ നിര്‍മ്മിതി കേന്ദ്രക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. വയനാട്ടിലെ ഗോത്ര പാരമ്പര്യ വിദഗ്ദരെയും എന്‍ ഊര് ആര്‍ക്കിടെക്ടുകളെയും മന്ത്രി പി. എ മുഹമ്മദ് റിയാസും എന്‍ ഊര് സി.എസ്.ആര്‍ ഫണ്ട് സപ്പോര്‍ട്ടേഴ്‌സിനെ അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എയും ആദരിക്കും. സമാപന സമ്മേളനം ജൂണ്‍ 5 ന് വൈകീട്ട് 3 ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിക്കും. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, എന്‍. ഊര് സൊസൈറ്റി സെക്രട്ടറി വി. ബാലകൃഷ്ണന്‍, സി.ഇ.ഒ ഇന്‍ചാര്‍ജ് പി.എസ് ശ്യാം പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.