പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതും മണ്ണിലലിയുന്നതുമായ കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ക്യാരി ബാഗിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഇവയെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തല്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഗ്രീന്‍ എര്‍ത്ത് സൊല്യൂഷന്‍സ് ഉള്‍പ്പെടെ നിര്‍മ്മാണ വിതരണ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്.
2020 ജനുവരി ഒന്നിനാണ് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നത്. മണ്ണിലലിയുന്ന പ്ലാസ്റ്റിക്കിന് ആദ്യം വിലക്കില്ലായിരുന്നു.
എന്നാല്‍ ഇത്തരം പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജന്മാര്‍ വിപണിയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അതും നിരോധിച്ചു. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത് ആധാരമാക്കിയ വസ്തുതകളും വിവരങ്ങളും ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വസ്തുതകളും വിവരങ്ങളും കിട്ടുന്ന പക്ഷം ഉചിതമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ടാകുമെന്നും വ്യക്തമാക്കി. വസ്തുതകളുടെ പിന്‍ബലമില്ലാതെ മണ്ണില്‍ ദ്രവിക്കുന്ന പ്ലാസ്റ്റിക് എന്ന മട്ടില്‍ വ്യാജന്‍മാര്‍ എത്തുന്നുണ്ട് എന്നുമാത്രം പറഞ്ഞ് നിരോധനം നടപ്പാക്കാന്‍ സാധിക്കില്ലെന്നും വിലക്ക് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.