കോവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ലേണേഴ്‌സ് ടെസ്റ്റിനെതിരെ പരാതി. ഓണ്‍ലൈന്‍ ടെസ്റ്റിന്റെ സാങ്കേതിക പ്രശ്‌നം ചൂണ്ടി കാട്ടി നിരവധിപേര്‍ പരാതി നല്‍കിയിട്ടുണ്ട്.അപേക്ഷിച്ച ശേഷം വളരെ വൈകി ടെസ്റ്റിനുള്ള തീയതി അനുവദിക്കുക, ടെസ്റ്റ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് ലോഗ് ഔട്ട് ആകുന്നു, തിരികെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല തുടങ്ങി ഒട്ടേറെ പരാതികളാണ് കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തുന്ന ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റിനെക്കുറിച്ചുള്ളത്.
രാത്രി 6 മുതല്‍ 12 വരെയുള്ള സമയത്ത് മൊബൈലില്‍ നിന്നോ കംപ്യൂട്ടര്‍ ഉപയോഗിച്ചോ ടെസ്റ്റ് എഴുതാം. അപേക്ഷകന്റെ ഫോണിലേക്ക് പാസ്വേഡ് മുന്‍കൂട്ടി ലഭിക്കും. പരീക്ഷാസമയത്ത് ഒടിപിയും. ഇവ രണ്ടും കൃത്യമായി ലഭിക്കാത്തതിനാല്‍ ടെസ്റ്റ് എഴുതാന്‍ സാധിക്കാത്തവരുമുണ്ട്. ലേണേഴ്‌സ് ടെസ്റ്റിന് 30 മിനിറ്റില്‍ 50 ചോദ്യങ്ങളുണ്ടാകും. ഇതില്‍ 30 എണ്ണം ശരിയാക്കിയാല്‍ വിജയിക്കും. സാധാരണ വളരെ ലളിതമായി നടക്കുന്ന ടെസ്റ്റ് നിലവില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കഠിനമായി മാറിയ സ്ഥിതിയാണ്.
ടെസ്റ്റിനായി അപേക്ഷിച്ചാല്‍ വളരെ വൈകിയാണ് തീയതി അനുവദിച്ചുകിട്ടുന്നത്. ഇന്ന് അപേക്ഷിച്ചാല്‍ ഒരു മാസം കഴിഞ്ഞുള്ള തീയതിയാകും ടെസ്റ്റിനായി അനുവദിച്ചു കിട്ടുക. ടെസ്റ്റ് എഴുതിക്കൊണ്ടിരിക്കെ ലോഗ് ഔട്ട് ആകുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. വേഗമുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കിലും ഇതാണു സ്ഥിതിയെന്ന് ടെസ്റ്റ് എഴുതിയവര്‍ പറയുന്നു.
ലോഗ് ഔട്ട് ആയാല്‍ പ്രശ്‌നം പരിഹരിക്കാനോ തിരികെ ലോഗിന്‍ ചെയ്യാനോ സാധിക്കില്ല. വീണ്ടും അപേക്ഷ കൊടുത്ത് ഒരു മാസം കൂടി കാത്തിരിക്കണം. ഇത്തരത്തില്‍ 3 മാസം കാത്തിരുന്നിട്ടും ടെസ്റ്റ് പാസാകാനാകാത്തവരുണ്ടെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു. ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.