സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വാക്സിനെടുക്കാൻ എത്തിയവരിൽ പലരും നിരാശയായി മടങ്ങുകയാണ്. ഇന്നലെ വരെ കാര്യമായ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നും ഇന്ന് മുതൽ ലഭ്യത കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർ പറയുന്നു.
ആലപ്പുഴയിൽ വാക്സിനേഷൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചിരിക്കുകയാണ്. തണ്ണീർമുക്കം, മുഹമ്മ പിഎച്ച്സി യ്ക്ക് കീഴിലുള്ള ക്യാമ്പുകളാണ് നിർത്തിവച്ചിരിക്കുന്നത്. ഇനി പരമാവധി 250 കുത്തിവെപ്പുകൾക്കുമാത്രമാണ് നിലവിൽ വാക്സിനേഷനുകൾ അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്സിൻ ഇല്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഡിഎംഒയും നൽകിയിട്ടുണ്ട്. മാരാരിക്കുളം മേഖലയിലെ ക്യാമ്പുകളിലും വാക്സിനേഷൻ നിർത്തേണ്ട സാഹചര്യമാണ് . ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാനായി നിരവധി ആളുകൾ എത്തിയിരുന്നു. വാക്സിനേഷൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്.