അറബ് യുവാക്കള്‍ താമസിക്കാനാഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യുഎഇ

0

അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവുമധികം യുവാക്കള്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമെന്ന പദവി യുഎഇക്ക് സ്വന്തം. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് യുഎഇ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഈയാഴ്ച പുറത്തിറങ്ങിയ പന്ത്രണ്ടാമത് വാര്‍ഷിക അറബ് യൂത്ത് സര്‍വേയിലാണ് മറ്റ് പടിഞ്ഞാറന്‍, കിഴക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അറബ് യുവത്വം യുഎഇയെ തെരഞ്ഞെടുത്തിരിക്കുന്നത്. മദ്ധ്യപൂര്‍വ ദേശത്തേയും വടക്കേ ആഫ്രിക്കയിലെയും 17 അറബ് രാജ്യങ്ങളില്‍ നിന്നുള്ള 18നും 24നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 4,000 യുവ അറബ് പൗരന്മാര്‍ സര്‍വേയില്‍ പങ്കെടുത്തു. പകുതി വീതം സ്ത്രീകളെയും പുരുഷന്മാരെയും പങ്കെടുപ്പിച്ചാണ് വിവരശേഖരണം നടത്തിയത്. ലോകത്തിലെ ഏത് രാജ്യത്താണ് താമസിക്കാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് 46 ശതമാനം പേരും യുഎഇയെ ഇഷ്ട രാജ്യമായി തെരഞ്ഞെടുത്തു. 33 ശതമാനം പേര്‍ അമേരിക്കയും 27 ശതമാനം പേര്‍ കാനഡയും 27 ശതമാനം പേര്‍ യു.കെയും ആണ് തെരഞ്ഞെടുത്തത്. 22 ശതമാനം പേര്‍ ജര്‍മനിയില്‍ ജീവിക്കാനും ആഗ്രഹം പ്രകടിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!