വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് കൂടി ലൈസന്‍സ്

0

കൊവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ രഹസ്യമായി വന്‍തോതില്‍ ബാറുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നു. വയനാട് ജില്ലയില്‍ മാത്രം മൂന്ന് ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. സുല്‍ത്താന്‍ബത്തേരിയില്‍ രണ്ടും,കല്‍പ്പറ്റയില്‍ ഒരു ബാറിനുമാണ് ലൈസന്‍സ് നല്‍കിയത്. മൂന്ന് ബാറുകളും ലോക്ക്ഡൗണിന് ശേഷം വയനാട്ടിലെ മറ്റ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം തുറന്നുപ്രവര്‍ത്തിക്കും. ജില്ലയില്‍ ഇപ്പോള്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടി രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. ലോക്ക്ഡൗണിന് ശേഷം ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാണ് പ്രവര്‍ത്തിക്കുക. ജില്ലയില്‍ നിലവില്‍ അഞ്ച് ബീവറേജസ് കോര്‍പറേഷന്റെ വിദേശമദ്യശാലകളാണുള്ളത്. മാനന്തവാടി, കല്‍പ്പറ്റ, പുല്‍പ്പള്ളി, പനമരം, അമ്പലവയല്‍ എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ആറ് ബിയര്‍ പാര്‍ലറുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നെണ്ണം കല്‍പ്പറ്റയിലും, രണ്ട് മീനങ്ങാടിയിലും, ഒന്ന് സുല്‍ത്താന്‍ബത്തേരിയിലുമാണ് ബിയര്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് നിയോജകമണ്ഡലങ്ങളില്‍ മാത്രമുള്ള വയനാട് ജില്ലയില്‍ വിദേശമദ്യശാലകള്‍ക്കും, ബാറുകള്‍ക്കും, ബിയര്‍ പാര്‍ലറുകള്‍ക്കും പുറമെ മൂന്ന് ബാറുകള്‍ കൂടി വരുന്നതോടെ മദ്യലഭ്യത കൂടുന്ന അവസ്ഥയുണ്ടാകും. വയനാട് പുറമെ, മറ്റ് പല ജില്ലകളിലും വന്‍തോതില്‍ പുതിയ ബാറുകള്‍ക്ക് രഹസ്യമായി അനുമതി നല്‍കി കഴിഞ്ഞതായാണ് വിവരം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ബാറുകള്‍ക്ക് വന്‍തോതില്‍ ലൈസന്‍സ് നല്‍കിയത് പൊതുജനങ്ങള്‍ ശ്രദ്ധിക്കാത്ത അവസ്ഥയാണുള്ളത്. നേരത്തെ ബാറുകള്‍ക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കുകയും, എന്നാല്‍ ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കാതെ മാറ്റിവെക്കുകയും ചെയ്ത അപേക്ഷകള്‍ക്കാണ് ദ്രുതഗതിയില്‍ ഇപ്പോള്‍ ലൈസന്‍സുകള്‍ നല്‍കുന്നത്. വന്‍സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ പ്രയാസപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന് പെട്ടന്ന് കോടികള്‍ ലഭിക്കുമെന്നതാണ് ബാറുകള്‍ക്ക് വേഗത്തില്‍ ലൈസന്‍സ് നല്‍കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!