യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരുടെ മര്‍ദ്ധനം.ബത്തേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വേങ്ങൂര്‍ മുല്ലശേരി ജോഷി(33)ആണ് മര്‍ദ്ധനമേറ്റത്. തിരിച്ചടവ് തെറ്റിയെന്നാരോപിച്ചാണ് തന്നെ വീട്ടില്‍കയറി മര്‍ദ്ധിച്ചതെന്നാണ് ജോഷി പറയുന്നത്. മര്‍ദ്ധനത്തില്‍ പരുക്കേറ്റ ജോഷി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.ചൊവ്വാഴ്ച വൈകിട്ട് അഞ്ച്മണിയോടെ രണ്ടംഗസംഘം വീട്ടിലെത്തി ആക്രമിച്ചുവെന്നാണ് ജോഷി പറയുന്നത്.
കഴിഞ്ഞജൂലായില്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഫിന്‍സെര്‍വില്‍ നിന്നും ഇഎംഐ പ്രകാരം 35000 രൂപയുടെ ലാപ് ടോപ് വാങ്ങിയത്.തുടര്‍ന്ന് ആറ് അടവ് അടച്ചുവെന്നും പിന്നീട് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ പറ്റാത്തതിനാല്‍ മൂന്ന് അടവ് തെറ്റിയെന്നും ജോഷി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബജാജ് ഫിന്‍സെര്‍വിന്റെ ജീവനക്കാര്‍ വീട്ടിലെത്തി പണമോ അല്ലങ്കില്‍ വസ്തുവോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നത്രേ.സംസാരിക്കുന്നതിനിടയില്‍ തന്റെ കൈയ്യിലിരുന്ന മൊബൈല്‍ഫോണ്‍ തട്ടിപ്പറിക്കാനും ജീവനക്കാര്‍ ശ്രമിച്ചു. ഇതിനിടെ താഴെവീണ തന്നെ രണ്ട്പേരും ചേര്‍ന്ന് മര്‍ദ്ധിക്കുകയായിരുന്നുവെന്നാണ് ജോഷി പറയുന്നത്. മര്‍ദ്ധനത്തില്‍ പരുക്കേറ്റ ജോഷി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അതേസമയം ജോഷിയെ വീട്ടില്‍കയറി മര്‍ദ്ധിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണന്നും തങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തി റോട്ടില്‍വെച്ച് ജോഷി ആക്രമിക്കുകയായിരുന്നുവെന്നുമാണ് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.