കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക് മുതലെടുത്ത് ഭീമമായ തുക ഈടാക്കി സര്‍വീസ് നടത്തി സ്വകാര്യ ബസ്. തുടര്‍ന്ന് യാത്രക്കാരുടെ പരാതിയില്‍ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9 മണിയോടുകൂടി കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കല്‍പ്പറ്റക്ക് സര്‍വീസ് നടത്തിയ കെ.എല്‍. 13 എ.എഫ്. 2300 നമ്പര്‍ ഇരഞ്ഞിക്കോത്ത് ബസാണ് അനധികൃതമായി സര്‍വീസ് നടത്തിയത്.
ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. അടുത്ത ദിവസം മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുമെന്ന് യാത്രക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ കല്‍പ്പറ്റ സ്വദേശി സി.കെ. ദിനേശന്‍ പറഞ്ഞു. കോഴിക്കോട് നിന്നും കല്‍പ്പറ്റക്കുള്ള യാത്രക്ക് 200 രൂപയാണ് ബസ് ജീവനക്കാര്‍ ടിക്കറ്റ് ചാര്‍ജായി ഈടാക്കിയത്.
100 രൂപയില്‍ താഴെയാണ് കല്‍പ്പറ്റ- കോഴിക്കോട് ടിക്കറ്റ് നിരക്ക്. ഈ സ്ഥാനത്താണ് ഇരട്ടിയിലധികം രൂപ ഈടാക്കിയതെന്നും, കണ്ടക്ടര്‍ നല്‍കിയ ടിക്കറ്റില്‍ കോഴിക്കോട്ടെ തന്നെ പല സ്ഥലങ്ങളുമാണ് രേഖപ്പെടുത്തിയിരുന്നതെന്നും ദിനേശന്‍ പറഞ്ഞു. യാത്രക്കാര്‍ ടിക്കറ്റുകളും പോലീസിനു കൈമാറിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ബസ് പുറപ്പെടുമ്പോള്‍ തിങ്ങി നിറഞ്ഞ് യാത്രക്കാരുണ്ടായിരുന്നു. അമിത ചാര്‍ജ് ചോദ്യം ചെയ്തവരോട് പ്രത്യേക സര്‍വീസാണെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. പ്രതികരിച്ചവരെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും കയ്യേറ്റം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അമിത ചാര്‍ജിനെ എതിര്‍ത്തവരെ ഇറക്കിവിട്ടില്ലെങ്കില്‍ ബസ് എടുക്കില്ലെന്ന തന്ത്രം ജീവനക്കാര്‍ പ്രയോഗിച്ചതോടെ നിരവധി യാത്രക്കാര്‍ പ്രതികരിച്ചവര്‍ക്കെതിരെ തിരിഞ്ഞു. അമിത ചാര്‍ജ് നല്‍കാന്‍ കയ്യില്‍ പണം ഇല്ലായിരുന്ന പലരും മറ്റു യാത്രക്കാരോട് കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത്. ജീവനക്കാരുടെ ഭീഷണി തുടരുന്നതിനിടെ അമിത ചാര്‍ജിനെ ചോദ്യം ചെയ്ത യുവാക്കളില്‍ ചിലര്‍ പോലീസ് സ്റ്റേഷനുകളില്‍ വിവരം ഫോണില്‍ വിളിച്ചറിയിച്ചു. ഇതുപ്രകാരം വൈത്തിരിയില്‍ എത്തുമ്പോള്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ ബസ് നിറുത്താന്‍ ജീവനക്കാരോടു പറയാനാണ് പോലീസ് സ്റ്റേഷനില്‍ നിന്നു ലഭിച്ച പ്രതികരണം.
ഈ വിവരം കണ്ടക്ടറെ അറിയിച്ചപ്പോള്‍ വേണമെങ്കില്‍ പോലീസ് കല്‍പ്പറ്റയിലേക്കു വരട്ടെയെന്നായിരുന്നു പ്രതികരണമെന്ന് ദിനേശന്‍ പറഞ്ഞു. പിന്നീട് യാത്രക്കാര്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. ഇതുപ്രകാരം കല്‍പ്പറ്റ ചുങ്കത്തുവച്ച് ബസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതാണെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2021 ഒക്ടോബര്‍ 10ന് ബസിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ടാക്സ് 2020 മാര്‍ച്ച് 31നുശേഷം അടച്ചില്ലെന്നും വെബ്സൈറ്റില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി നീട്ടിനല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
രാത്രി ഒമ്പതുമണിക്ക് ഈ സ്വകാര്യ ബസിന് കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് ഇല്ലെന്നും യാത്രക്കാര്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്.