അരനൂറ്റാണ്ടിന്റെ ഓര്‍മ്മകളുമായി അവര്‍ ഒത്തുചേരുന്നു.
1958ല്‍ സ്ഥാപിതമായ വെള്ളമുണ്ട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ആദ്യ പഠിതാവായെത്തിയ ചെറുകരയിലെ രാമന്‍കുട്ടിമുതല്‍ 2012 ലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നാളെ ഹൈസ്‌കൂളിന്റെ മുറ്റത്ത് പടര്‍ന്നു നില്‍ക്കുന്ന മഹാഗണിച്ചുവട്ടില്‍ ഒത്തുചേരും.അരനൂറ്റാണ്ട് പിന്നിട്ട വിദ്യാലയകാലത്തെ മധുരസ്മരണകള്‍ അയവിറക്കിയും 62 വര്‍ഷം പിന്നിടുന്ന വിദ്യാലത്തിന്റെ പുരോഗതിക്കായി പദ്ധതികളാലോചിച്ചുമാവും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മടങ്ങുക.ഓരോ വര്‍ഷത്തെയും വിദ്യാര്‍ത്ഥികളുടെ ഫോട്ടോസെഷനും ഇതോടനുബന്ധിച്ചൊരുക്കിയിട്ടുണ്ട്.രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് പേരാണ് വെള്ളമുണ്ടയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധമേഖലകളില്‍ ജോലിചെയ്യുന്നത്.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നട്ടു വളര്‍ത്തി വിദ്യാലയമുറ്റത്ത് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന മഹാഗണി മരങ്ങളുടെ ചുവട്ടില്‍ നടക്കുന്ന സംഗമം 2 മണിക്ക് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും.